ജുഡീഷ്യൽ കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടിയതിനെതിരെ സിജെപി നേതാക്കൾ ഡൽഹി ഹൈക്കോടതിയിൽ

ഡൽഹി: ജുഡീഷ്യൽ കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടിയ ഉത്തരവിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് ഹർജി. വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ഇരുവരുടെയും അഭിഭാഷകർ ആവശ്യപ്പെട്ടു. നിരോധന ഉത്തരവ് നിലനിൽക്കെ ജന്തർ മന്തറിൽ ദേശീയപതാക ഉയർത്താൻ ശ്രമിച്ചതിലൂടെ നേരത്തേ സമർപ്പിച്ച സമാധാന ബോണ്ടുകൾ ലംഘിച്ചെന്നാണ് ഇരുവർക്കുമെതിരായ കേസ്.

ഒക്ടോബർ 14ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മഹേഷ് കുമാർ മീണ ഇരുവരെയും അഞ്ചു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർനടപടികൾക്കായി കേസ് ഒക്ടോബർ 19ന് പരിഗണിക്കാനിരിക്കെയാണ് കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പ്രതിഷേധങ്ങൾക്കു മുന്നോടിയായി ഒക്ടോബർ 10ന് വിമാനത്താവളത്തിൽവച്ചാണ് ഇരുവരെയും ആദ്യം കസ്റ്റഡിയിലെടുത്തത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) 126, 170 വകുപ്പുകൾ പ്രകാരം മുൻകരുതൽ നടപടികളും സ്വീകരിച്ചു.

50,000 രൂപയുടെ വീതം സമാധാന ബോണ്ടുകൾ സമർപ്പിച്ചതിനെത്തുടർന്ന് അന്നുതന്നെ ഇവരെ വിട്ടയച്ചിരുന്നു. എന്നാൽ, ജന്തർ മന്തറിൽ ദേശീയപതാക ഉയർത്തി പ്രതിഷേധം നടത്താൻ ശ്രമിച്ചതിനെ തുടർന്ന് ഒക്ടോബർ 14ന് വീണ്ടും കസ്റ്റഡിയിലെടുത്തു. സമാധാന ബോണ്ടുകൾ മനഃപൂർവം ലംഘിക്കുകയും ഉടൻതന്നെ സമാധാനലംഘനത്തിന് സാഹചര്യമൊരുക്കുകയും ചെയ്തതായി കസ്റ്റഡി നീട്ടിക്കൊണ്ട് പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഋതു രാജ് നിരീക്ഷിച്ചു. അനുവദനീയമല്ലാത്ത മേഖലകളിൽ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുന്നത് ഇരുവരുടെയും പതിവാണെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വാദം ആശങ്കയുണ്ടാക്കുന്നതാണെന്നും കോടതി പറഞ്ഞു.

ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കില്ലെന്ന് കോടതിയിൽ നൽകിയ ഉറപ്പ്, പൊലീസ് ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തിൽ വിശ്വാസയോഗ്യമല്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇരുവരും ഹാജരാക്കിയ ജാമ്യക്കാർ യോഗ്യരല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുതിയ ജാമ്യക്കാരെ ഹാജരാക്കാനും കോടതി നിർദേശിച്ചു. ബോണ്ട് രേഖകളിലെ ചിത്രങ്ങളും ജാമ്യക്കാരുടെ ആധാർ കാർഡുകളിലെ ചിത്രങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടായിരുന്നതും അന്വേഷണത്തിനിടെ തൃപ്തികരമായ മറുപടി നൽകാൻ കഴിയാതിരുന്നതും കോടതി ചൂണ്ടിക്കാട്ടി.

CJP’s Saurav Das, Ashutosh Ranka move Delhi HC against 2-day extension of judicial custody

More Stories from this section

family-dental
witywide