ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധ വേദിയിലേക്ക് അതിക്രമിച്ചുകയറിയെന്ന കേസിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിഷേധ വേദിയെന്ന പദവി എടുത്തുകളഞ്ഞ ജന്തർ മന്തറിലേക്ക് പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന് പ്രവേശിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് ഇരുവരെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, പാർട്ടി നേതാവ് അജിങ്ക്യ ഷിൻഡെയെ വ്യക്തിഗത ബോണ്ടിൽ വിട്ടയച്ചു.
ജന്തർ മന്തറിലേക്ക് എത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്തതിലൂടെ ഇരുവരും ക്രിമിനൽ അതിക്രമം നടത്തിയെന്നാണ് ഡൽഹി പൊലീസ് വാദിച്ചത്. സമാധാനലംഘനം നടത്തില്ലെന്ന് ഉറപ്പുനൽകി ഞായറാഴ്ച ഒപ്പിട്ട ബോണ്ട് ഇവർ ലംഘിച്ചെന്നും പൊലീസ് ആരോപിച്ചു. ഇരുവരെയും പുറത്തിറക്കിയാൽ വീണ്ടും കുറ്റകൃത്യം നടത്താൻ സാധ്യതയുണ്ടെന്നും പൊലീസ് മജിസ്ട്രേറ്റിനെ അറിയിച്ചു. ബുധനാഴ്ച രാവിലെ 8.30ഓടെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെ സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷമാണ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
ജന്തർ മന്തറിലെ പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന് പ്രവേശിക്കുന്നതിന്റെ വിഡിയോ അശുതോഷ് റാങ്ക എക്സിൽ പങ്കുവച്ചിരുന്നു. സൗരവ് ദാസിനും പാർട്ടിയുടെ ദേശീയ സംഘടനാ ചുമതലയുള്ള അജിങ്ക്യ ഷിൻഡെയ്ക്കുമൊപ്പം ഗേറ്റ് കടക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാനാണ് ദേശീയ പതാകയുമായി തങ്ങൾ ജന്തർ മന്തറിലെത്തിയതെന്ന് CJP നേതാക്കൾ വ്യക്തമാക്കി. ‘ഭാരത് മാതാ കീ ജയ്’, ‘ഗ്യാനേഷ് കുമാർ രാജിവെക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തുന്നതും വിഡിയോയിലുണ്ട്.
പത്തിലധികം പേർ സംഘത്തിലുണ്ടായിരുന്നെന്നും ഇവരെയെല്ലാം കസ്റ്റഡിയിലെടുത്തെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നീട് തങ്ങളെ ജാഫർപുർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി സൗരവ് ദാസ് എക്സിൽ കുറിച്ചു.
നേതാക്കളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടപടിക്കെതിരെ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തെത്തി. ജന്തർ മന്തറിൽ ത്രിവർണ പതാക ഉയർത്തിയതാണോ ഇവർ ചെയ്ത കുറ്റമെന്ന് അദ്ദേഹം ചോദിച്ചു.“അശുവിനെയും സൗരവിനെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അവരുടെ കുറ്റം ജന്തർ മന്തറിൽ ദേശീയ പതാക ഉയർത്തിയതാണ്. നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടെങ്കിൽ വിയോജിപ്പുകളെ അടിച്ചമർത്താനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കട്ടെ. ഭീരുത്വം നിറഞ്ഞ ഇത്തരം തന്ത്രങ്ങൾക്ക് പിന്നിൽ ഒളിക്കാതെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ധൈര്യം കാണിക്കണം,” ദിപ്കെ എക്സിൽ കുറിച്ചു.
“ത്രിവർണ പതാകയുമായി ജന്തർ മന്തറിലെത്തിയ CJP പ്രവർത്തകർ പുലർച്ചെ ഗേറ്റ് കടന്ന് അകത്തുകയറി. പിന്നാലെ ഡൽഹി പൊലീസ് അവരെ കസ്റ്റഡിയിലെടുത്തു,” എന്നും അദ്ദേഹം കുറിച്ചു. പ്രതിഷേധത്തെ ഔദ്യോഗികമായി നിരോധിച്ചാലും പ്രതിരോധം അവസാനിപ്പിക്കാനാകില്ലെന്നും ദിപ്കെ പ്രതികരിച്ചു.
പ്രതിഷേധങ്ങൾക്കുള്ള ഔദ്യോഗിക വേദിയെന്ന പദവി ജന്തർ മന്തറിന് നഷ്ടമായതിന് പിന്നാലെയാണ് അവിടേക്ക് പ്രവേശിക്കാനുള്ള CJPയുടെ ശ്രമം. തിങ്കളാഴ്ച പുറത്തിറക്കിയ സർക്കുലറിൽ ഡൽഹി പൊലീസ് പ്രതിഷേധങ്ങൾക്കായി മൂന്ന് പുതിയ വേദികൾ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാർശ പ്രകാരമാണ് ജന്തർ മന്തറിന്റെ പദവി എടുത്തുകളഞ്ഞതെന്ന് സർക്കുലറിൽ പറയുന്നു.ഇനി രാംലീല മൈതാനം, ബുരാരി മൈതാനം, ഷഹ്ദരയിലെ സിബിഡി മൈതാനം എന്നിവിടങ്ങളിലാകും പ്രതിഷേധങ്ങൾ അനുവദിക്കുക.
ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ CJPയുടെ നേതൃത്വത്തിൽ നടന്ന വൻ പ്രതിഷേധങ്ങളുടെ കേന്ദ്രമായിരുന്നു ജന്തർ മന്തർ. പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ച് നടന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചിരുന്നു.
CJP’s Saurav Das, Ashutosh Ranka sent to 5-day judicial custody for Jantar Mantar ‘trespassing














