
തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ സംസ്ഥാന വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ റിപ്പോർട്ടിന്റെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കേസെടുക്കാൻ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിനെത്തുടർന്നാണ് തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 നടപടി സ്വീകരിച്ചത്.
വിഷയത്തിൽ വ്യത്യസ്ത ആക്ഷേപങ്ങൾ ഉന്നയിച്ച് വിജിലൻസ് രണ്ട് പ്രത്യേക എഫ്.ഐ.ആറുകളാണ് തയ്യാറാക്കിയിരിക്കുന്നത്. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കമ്പനിയിൽ നിന്ന് എക്സാലോജിക് സൊല്യൂഷൻസിന് സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന പരാതിയിലാണ് അഴിമതി നിരോധന നിയമപ്രകാരമുള്ള ആദ്യ കേസ്. ഇതിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. വീണ വിജയനും ഇതിൽ പ്രതിപ്പട്ടികയിലുണ്ട്. സിഎംആർഎൽ കമ്പനി വഴിവിട്ട് വലിയ തുകകൾ കൈമാറിയെന്നാണ് ഇ.ഡി കണ്ടെത്തിയിരുന്നത്.
വിദേശത്തേക്ക് നിയമവിരുദ്ധമായി പണം കടത്തിയതുമായി (ഹവാല ഇടപാട്) ബന്ധപ്പെട്ട ആക്ഷേപങ്ങളിലാണ് രണ്ടാമത്തെ എഫ്.ഐ.ആർ. ഈ കേസിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയായും വീണയെ രണ്ടാം പ്രതിയായും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രാഥമിക അന്വേഷണം കൂടാതെ നേരിട്ടാണ് വിജിലൻസ് ഈ കേസുകൾ രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷണത്തിനായി പ്രത്യേക വിജിലൻസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
അതേസമയം, തനിക്കെതിരെ നേരിട്ട് കേസെടുക്കാൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ പിണറായി വിജയനും മകൾ വീണയും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. കേസിൽ തന്റെ ഭാഗം കേൾക്കാതെയാണ് വിധി പ്രസ്താവിച്ചതെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ ഹർജി സമർപ്പിച്ചത്. ഇ.ഡി വിവരങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ നേരിട്ട് വിജിലൻസ് എഫ്.ഐ.ആർ ഇടുന്നത് നിയമപരമായി നിലനിൽക്കില്ലെന്നാണ് ഇവരുടെ വാദം. ഹർജി ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിക്കും. കേസിൽ നിലവിൽ പിണറായി വിജയൻ കക്ഷി അല്ല. അതുകൊണ്ട് നേരിട്ട് ഹർജി നൽകാൻ അദ്ദേഹത്തിന് കഴിയില്ല. കേസിന്റെ നടപടികളുമായി മുന്നോട്ട് പോകാൻ ആദ്യം ലീവ് പെറ്റിഷൻ കോടതിയിൽ നൽകണം. അത് നിലനിൽക്കുമോയെന്ന കാര്യത്തിയിരിക്കും ഇന്ന് ആദ്യം വാദം നടക്കുക.
അതേസമയം, സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു വഴിവിട്ട ആനുകൂല്യങ്ങളും സിഎംആർഎല്ലിന് നൽകിയിട്ടില്ലെന്നും കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര ഏജൻസിയായ ഇ.ഡി ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി
CMRL-Exalogic financial transaction: Vigilance registers FIR against Opposition Leader Pinarayi Vijayan, Riyas, and Veena.















