‘എണ്ണിയെണ്ണി പകരം ചോദിക്കും’ പരാമർശം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ‘എണ്ണിയെണ്ണി പകരം ചോദിക്കും’ എന്ന പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രസംഗം നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തിനെതിരെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളുടെ ലംഘനമാണെന്ന് പിണറായി വിജയൻ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ‘പകരം ചോദിക്കും’, ‘എണ്ണിയെണ്ണി ചോദിക്കും’ തുടങ്ങിയ പ്രയോഗങ്ങൾ ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം വിമർശിച്ചു.

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വി.ഡി. സതീശന്റെ വിവാദ പരാമർശം. സർക്കാരിനായി പ്രവർത്തിച്ചും സമരങ്ങളിൽ മർദനമേറ്റും മുന്നോട്ടുവന്ന പ്രവർത്തകരെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി, അവരുടെ ത്യാഗങ്ങൾക്ക് പകരം ചോദിക്കുമെന്നും പോരാട്ടത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പ്രഖ്യാപിച്ചിരുന്നു.

പ്രത്യേക അന്വേഷണ സംഘങ്ങളുടെ രൂപീകരണവും രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണെന്ന സൂചന നൽകുന്ന പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇത്തരം പരാമർശങ്ങൾ അന്വേഷണങ്ങളുടെ നിഷ്പക്ഷതയെ സംശയത്തിലാക്കുകയും അന്വേഷണ ഉദ്യോഗസ്ഥർക്കുമേൽ രാഷ്ട്രീയ സമ്മർദം സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ മുഴുവൻ ഭരണച്ചുമതലയുള്ള മുഖ്യമന്ത്രി അണികളെ പ്രകോപിപ്പിക്കുന്ന രീതിയിൽ സംസാരിക്കുന്നത് സമാധാന അന്തരീക്ഷത്തിന് ഭീഷണിയാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ ഭാഗമായി ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ രണ്ട് മന്ത്രിമാരും വേദിയിലുണ്ടായിരുന്നുവെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പുലർത്തേണ്ട മര്യാദയും സംയമനവും ഭരണനേതൃത്വം തന്നെ കൈവിടുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ മുൻമന്ത്രി തോമസ് ഐസക്കും നേരത്തെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

More Stories from this section

family-dental
witywide