മാസപ്പടി കേസിൽ ഇഡിയുടെ നിർണായക നീക്കം; മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് സമൻസ്

സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഷൈജൽ, വാരിഷ്, നന്ദുലാൽ, നിഖിൽ എന്നിവരോട് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകി. ഈ മാസം അവസാനത്തോടെ ഹാജരാകണമെന്നാണ് നിർദേശം. അതേസമയം, 2020ൽ അവസാനിച്ച മാസപ്പടി ഇടപാടുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ചോദ്യം ചെയ്യലിന് കൂടുതൽ സമയം അനുവദിക്കണമെന്നും ഷൈജലും വാരിഷും ഇഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ടി. വീണയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഡയറിയിൽ ഇവരുടെ പേരുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇഡിയുടെ നടപടി. മുഹമ്മദ് റിയാസിൽനിന്ന് പണം സ്വീകരിച്ച് വിദേശത്തേക്ക് ഹവാല വഴി കടത്തിയെന്നാണ് വാരിഷിനെതിരായ പ്രധാന ആരോപണം. റിയാസിനുവേണ്ടി ഷൈജലും നിഖിലും പണം കൈകാര്യം ചെയ്തിരുന്നുവെന്നും 2024 മുതൽ നന്ദുലാലിന്റെ പേരിലുള്ള സിം കാർഡ് വീണ ഉപയോഗിച്ചിരുന്നതായും ഇഡി സംശയിക്കുന്നു. ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട ആശയവിനിമയത്തിനാണ് ഈ സിം ഉപയോഗിച്ചതെന്നാണ് അന്വേഷണ ഏജൻഡിയുടെ നിഗമനം.

വാരിഷിനോടും ഷൈജലിനോടും നാളെയും മറ്റന്നാളുമായി ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളും ഹൈക്കോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഇരുവരും അസൗകര്യം അറിയിക്കുകയായിരുന്നു. കേസിലെ രണ്ടാം അന്വേഷണവുമായി ബന്ധപ്പെട്ട തുടർനടപടികൾക്ക് ഈ മാസം 25 വരെ ഹൈക്കോടതി സ്റ്റേ അനുവദിച്ചിട്ടുണ്ടെങ്കിലും ആദ്യ കേസിൽ സമൻസ് അയക്കുന്നതിന് തടസ്സമില്ലെന്നാണ് ഇഡിയുടെ നിലപാട്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനും നോട്ടീസ് അയക്കുന്ന കാര്യത്തിൽ ഇഡി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

More Stories from this section

family-dental
witywide