ഗ്യാനേഷിന്റെ രാജി ഇല്ലാതെ പിൻവാങ്ങില്ല, ജന്തർമന്തറിലേക്ക് ഞായറാഴ്ച സമരം പ്രഖ്യാപിച്ച് സിജെപി, ‘എവിടെ തടയുമോ അവിടെ പ്രക്ഷോഭ ഭൂമി ആകും’; ഡൽഹിയിൽ കനത്ത സുരക്ഷ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) ജന്തർമന്തറിലേക്ക് വീണ്ടും സമരം പ്രഖ്യാപിച്ചു. നാളെ രാവിലെ പത്ത് മണിക്ക് നടക്കുന്ന സമരത്തിന് സി.ജെ.പി നേതാവ് അജിങ്ക്യ ഷിൻഡെയാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ലഭിക്കുന്നത് വരെ തങ്ങൾ പിന്നോട്ടില്ലെന്നും, പൊലീസ് എവിടെ തടയുന്നുവോ അവിടെ സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി പ്രക്ഷോഭങ്ങളെ തുടർന്ന് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയും നിയന്ത്രണങ്ങളും തുടരുന്നതിനിടയിലാണ് പുതിയ സമര പ്രഖ്യാപനം.

ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ വ്യാപകമായ പൊലീസ് വേട്ടയാണ് അരങ്ങേറിയത്. പ്രമുഖ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരും രാഷ്ട്രീയ നേതാക്കളുമടക്കം ഏഴായിരത്തിലധികം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തത്. മമതാ ബാനർജി, പിണറായി വിജയൻ, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയ പ്രമുഖ നേതാക്കളെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഡൽഹിയെ കേന്ദ്ര സർക്കാർ ‘തുറന്ന ജയിൽ’ ആക്കി മാറ്റിയെന്നും അടിയന്തിരാവസ്ഥയ്ക്ക് സമാനമായ അടിച്ചമർത്തലാണ് നടക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഡൽഹിയിലെ പ്രതിഷേധങ്ങൾക്കെതിരെയുള്ള അതിരൂക്ഷമായ പൊലീസ് നടപടിയിൽ യു.എൻ മനുഷ്യാവകാശ സംഘടനയും കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിമാർക്കും രാഷ്ട്രീയ നേതാക്കൾക്കുമെതിരെയുള്ള കസ്റ്റഡി നടപടികളെയും പൊലീസ് വേട്ടയെയും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ രൂക്ഷമായി വിമർശിച്ചു. മോദിയും അമിത് ഷായും ഭീരുത്വമാണ് കാണിക്കുന്നതെന്നും, പതിനായിരക്കണക്കിന് പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്താലും ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രതിഷേധത്തിനിടെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർ കല്ലെറിഞ്ഞതിൽ 6 ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

വോട്ടവകാശവും തിരഞ്ഞെടുപ്പ് സുതാര്യതയും സംരക്ഷിക്കുന്നതിനായി ഒക്ടോബർ 12 തിങ്കളാഴ്ച ഡൽഹിയിൽ കോൺഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും നേതൃത്വത്തിൽ വൻ പ്രതിഷേധ മാർച്ച് വീണ്ടും സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾ പൂർണ്ണമായും തള്ളിയ ബി.ജെ.പി, നഗരത്തിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങളെ നേരിടാൻ പൊലീസ് നടപടികൾ അനിവാര്യമാണെന്ന് വ്യക്തമാക്കി രംഗത്തെത്തി.

Cockroach Janata Party Announces Fresh Jantar Mantar March Demanding Gyanesh Kumar’s Resignation; Delhi on High Alert

More Stories from this section

family-dental
witywide