അസമിൽ അശുതോഷ് റാങ്കയടക്കം സിജെപി നേതാക്കൾ പോലീസ് കസ്റ്റഡിയിൽ; വിട്ടയച്ചില്ലെങ്കിൽ താനടക്കം എല്ലാവരെയും അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് ദീപ്കെയുടെ മുന്നറിയിപ്പ്

കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) വക്താവും സഹ കൺവീനറുമായ അശുതോഷ് റാങ്ക ഉൾപ്പെടെയുള്ള നേതാക്കളെ അസം പോലീസ് കസ്റ്റഡിയിലെടുത്തു. അശുതോഷിനൊപ്പം സി.ജെ.പി. നേതാക്കളായ അങ്കിത് ഭരദ്വാജ്, പ്രേം ആകാശ്, അസം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റ് പ്രവർത്തകർ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാവിലെ ദിസ്പൂരിലെ സ്വകാര്യ വസതിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും സി.ജെ.പി. നേതൃത്വം ആരോപിച്ചു. സി.ജെ.പി. വോളന്റിയർമാരുടെ യോഗത്തിൽ പങ്കെടുക്കാനും സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ സ്ഥിതിഗതികൾ വിലയിരുത്താനുമാണ് അശുതോഷ് ഗുവാഹത്തിയിലെത്തിയത്.

സ്കൂളുകൾ സന്ദർശിച്ച് അവസ്ഥ പുറത്തുകൊണ്ടുവരുമെന്ന ആശങ്ക അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കുണ്ടെന്ന് പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ അശുതോഷ് റാങ്ക ആരോപിച്ചു. കാസിരംഗയിലെ ജനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുകയാണെന്നും വനഭൂമികളും ജലസ്രോതസ്സുകളും കോർപ്പറേറ്റുകൾക്ക് കൈമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻപ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഝാർഖണ്ഡ്, രാജസ്ഥാൻ, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ സർക്കാർ സ്കൂളുകളിലും സി.ജെ.പി. സമാനമായ പരിശോധനകളും ക്യാമ്പെയ്നുകളും നടത്തിയിരുന്നു.

അശുതോഷ് റാങ്കയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ശക്തമായ പ്രതികരണവുമായി സി.ജെ.പി. സ്ഥാപകൻ അഭിജിത്ത് ദീപ്കെ രംഗത്തെത്തി. എന്ത് കാരണത്താലാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അശുതോഷിനെയും മറ്റ് പ്രവർത്തകരെയും ഉടൻ മോചിപ്പിച്ചില്ലെങ്കിൽ പാർട്ടി അംഗങ്ങൾക്കൊപ്പം താൻ അസമിലേക്ക് പോകുമെന്നും, ആവശ്യമെങ്കിൽ എല്ലാവരെയും അറസ്റ്റ് ചെയ്യാമെന്നും അഭിജിത്ത് ദീപ്കെ മുന്നറിയിപ്പ് നൽകി.

Cockroach Janata Party Leaders Detained by Police in Assam; CJP Founder Abhijit Deepak Responds

More Stories from this section

family-dental
witywide