ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധത്തിന് സംഘടനാ ചുമതലയുള്ള അജിൻക്യ ഷിൻഡെ നേതൃത്വം നൽകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയെയും വക്താക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെയും ഡൽഹി പൊലീസ് വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് തീരുമാനം.
ഒക്ടോബർ 10ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്താനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി അറസ്റ്റ് ഉണ്ടായേക്കുമെന്ന് പ്രതീക്ഷിച്ച് വെള്ളിയാഴ്ച രാത്രി ദീപ്കെ റെക്കോർഡ് ചെയ്ത വിഡിയോയും പാർട്ടി പുറത്തുവിട്ടു. “അഭിജീത് ദീപ്കെ, സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവർ കസ്റ്റഡിയിൽ കഴിയുന്നിടത്തോളം ജന്തർ മന്തറിലെ പ്രതിഷേധത്തിന് സി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള അജിൻക്യ ഷിൻഡെ നേതൃത്വം നൽകും. അറസ്റ്റ് ഉണ്ടായേക്കുമെന്ന് പ്രതീക്ഷിച്ച് അഭിജീത് ഇന്നലെ രാത്രി തന്നെ ഈ വിഡിയോ റെക്കോർഡ് ചെയ്തിരുന്നു,” പാർട്ടി അറിയിച്ചു.
സി.ജെ.പിയുടെ പ്രതിഷേധം മുന്നിൽക്കണ്ട് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതിനിടെയാണ് നടപടി. ക്രമസമാധാന പ്രശ്നങ്ങൾക്കും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യതയ്ക്കും ചൂണ്ടിക്കാട്ടി പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നതിനിടെ അറസ്റ്റ് നേരിടാൻ തയ്യാറാണെന്ന് ദീപ്കെ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽനിന്ന് ജനങ്ങളെ തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സുരക്ഷാ നിയന്ത്രണങ്ങൾ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിഷേധത്തിന് മുന്നോടിയായി സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി ഡൽഹി പൊലീസ് നിയമത്തിലെ 65-ാം വകുപ്പ് പ്രകാരം കുറഞ്ഞത് 1,500 പേരെ കസ്റ്റഡിയിലെടുത്തു.രാവിലെ ആറു മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തി. പ്രതിഷേധവേദിക്ക് സമീപമുള്ള വാഹനങ്ങളുടെ നീക്കവും ഗതാഗതവും നിരീക്ഷിക്കാൻ ബാരിക്കേഡുകളിലും പ്രധാന ജംക്‌ഷനുകളിലും പൊലീസിനെ വിന്യസിച്ചു.
കനോട്ട് പ്ലേസ്, മണ്ടി ഹൗസ്, ജന്തർ മന്തർ, പട്ടേൽ ചൗക്ക് എന്നിവിടങ്ങളുൾപ്പെടെ മധ്യ ഡൽഹിയിലെ പ്രധാന ജംക്‌ഷനുകളിൽ ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡൽഹി ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകി. അശോക റോഡ്–ജന്തർ മന്തർ റോഡ് റൗണ്ട്എബൗട്ട്, ടോൾസ്റ്റോയ് മാർഗ്–ജൻപഥ് ജംക്‌ഷൻ, ജയ് സിങ് റോഡ്–സൻസദ് മാർഗ് ജംക്‌ഷൻ, റെയിൽ ഭവൻ റൗണ്ട്എബൗട്ട്, പട്ടേൽ ചൗക്ക്, ഗോൾ ഡാക് ഖാന, വിൻഡ്സർ പ്ലേസ് എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങൾ ബാധകമായത്.
പ്രതിഷേധത്തിന് അനുമതി തേടി സി.ജെ.പി നൽകിയ അറിയിപ്പ് ഔദ്യോഗിക അപേക്ഷയായി കണക്കാക്കാനാവില്ലെന്ന് പാർട്ടിക്ക് നൽകിയ മറുപടിയിൽ ഡൽഹി പൊലീസ് വ്യക്തമാക്കി. ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്നതിനുള്ള അപേക്ഷ കുറഞ്ഞത് പത്ത് ദിവസം മുമ്പ് സമർപ്പിക്കണമെന്നാണ് പൊലീസ് മാർഗനിർദേശങ്ങൾ. പ്രതിഷേധത്തിന് നിശ്ചയിച്ച സമയപരിധി ലംഘിച്ച് പരിപാടികൾ തുടരുന്നതുൾപ്പെടെയുള്ള മുൻകാല നിയമലംഘനങ്ങളും അനുമതി നിഷേധിച്ചതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടി.
Cockroach Janta Party (CJP) on Saturday named its organisation in-charge Ajinkya Shinde to lead its protest at Jantar Mantar in New Delhi after founder Abhijeet Dipke.














