ന്യൂയോർക്കിൽ പട്ടാപ്പകൽ വെടിവയ്പ്പ്; അക്രമികളുടെ ലക്ഷ്യം തെറ്റി, ഏഴുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു, പ്രതിക്കായി തിരച്ചിൽ

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ സ്ട്രോളറിൽ (കുഞ്ഞുങ്ങളെ ഇരുത്തി കൊണ്ടുപോകുന്ന വണ്ടി) ഇരിക്കുകയായിരുന്ന ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞ് വെടിയേറ്റു മരിച്ചു. ബ്രൂക്ലിനിലെ വില്യംസ്ബർഗ് പരിസരത്ത് ബുധനാഴ്ച പകലാണ് നഗരത്തെ നടുക്കിയ ഈ സംഭവം നടന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്നുണ്ടായ വെടിവയ്പ്പിൽ ലക്ഷ്യം തെറ്റിയാണ് കുഞ്ഞിന് വെടിയേറ്റതെന്ന് പൊലീസ് കരുതുന്നു.

മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് തിരക്കേറിയ തെരുവിലൂടെ വരികയും കുഞ്ഞിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. വെടിവയ്പ്പ് ഉണ്ടായ ഉടനെ മാതാപിതാക്കൾ കുഞ്ഞുമായി അടുത്തുള്ള കടയിലേക്ക് ഓടിക്കയറി. അവിടെ വച്ചാണ് കുഞ്ഞിൻ്റെ തലയിൽ വെടിയേറ്റതായും രക്തം വരുന്നതും അമ്മ ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ സമീപത്തെ വുഡ്‌ഹൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

വെടിവയ്പ്പിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളുടെ ബൈക്ക് ഒരു കാറിലിടിച്ച് അപകടമുണ്ടായി. ഇതിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾക്ക് പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ബൈക്ക് ഓടിച്ചിരുന്ന രണ്ടാമത്തെ ആൾക്കായി പൊലീസ് ഊർജിതമായ തിരച്ചിൽ തുടരുകയാണ്.

“ഒരു കുഞ്ഞിന്റെ ജീവിതം തുടങ്ങുന്നതിന് മുൻപേ ഇല്ലാതായിരിക്കുന്നു” എന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി പറഞ്ഞു. ഈ കുടുംബം അനുഭവിക്കുന്ന ഹൃദയവേദനയ്ക്ക് ആശ്വാസം നൽകാൻ വാക്കുകൾക്ക് കഴിയില്ല. ഈ വലിയ ദുഃഖം ചുമക്കേണ്ടി വന്ന കുടുംബത്തിനൊപ്പം എന്റെ പ്രാർത്ഥനകളുണ്ട്” എന്ന് അദ്ദേഹം കൂട്ടിചേർത്തു. നഗരത്തിലെ തോക്ക് അക്രമങ്ങൾ (Gun Violence) തടയാൻ ഇനിയും എത്രത്തോളം ജോലികൾ ബാക്കിയുണ്ട് എന്നതിന്റെ ദാരുണമായ ഓർമ്മപ്പെടുത്തലാണ് ഇന്നത്തെ സംഭവം” എന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം അക്രമങ്ങളെ നമ്മുടെ നഗരത്തിൽ സ്വാഭാവികമായ ഒന്നായി (Normal) ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും, ഈ വേദനയോട് നാം ഒരിക്കലും മരവിച്ചു പോകരുത് (Numb) എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, ഈ ക്രൂരമായ കൊലപാതകത്തിന് ഉത്തരവാദികളായ എല്ലാവരെയും കണ്ടെത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി

നഗരത്തിലെ തോക്ക് അക്രമങ്ങൾ തടയാൻ ഇനിയും കർശനമായ നടപടികൾ ആവശ്യമാണെന്ന് പൊലീസ് കമ്മീഷണർ ജെസീക്ക ടിഷ് വ്യക്തമാക്കി. ഒരു അമ്മ എന്ന നിലയിൽ ഈ കുടുംബത്തിൻ്റെ ദുഃഖം സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണെന്നും അവർ കൂട്ടിച്ചേർത്തു. ഈ സംഭവത്തിൽ നിലവിൽ ആർക്കെതിരെയും ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

Daytime shooting in New York; assailants miss target, seven-month-old baby killed, search for suspect underway

More Stories from this section

family-dental
witywide