
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന സൈനിക-സാമ്പത്തിക തർക്കങ്ങൾക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള പതിനാലിന സമാധാന ധാരണകളുടെ പട്ടിക ഇറാൻ മാധ്യമമായ മെഹർ ന്യൂസ് ഏജൻസി പ്രസിദ്ധീകരിച്ചു. പുതിയ ധാരണയനുസരിച്ച് ലബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കും. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടില്ലെന്നും ഇറാന്റെ അതിർത്തി പരിധികളിൽ നിന്ന് അമേരിക്കൻ സേനയെ പിൻവലിക്കുമെന്നും നിർദ്ദേശത്തിലുണ്ട്. കൂടാതെ, ഇറാന് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച നാവിക ഉപരോധവും എണ്ണ ഉപരോധവും മുപ്പത് ദിവസത്തിനുള്ളിൽ അമേരിക്ക നീക്കം ചെയ്യും. ഇതിന് പകരമായി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് മുപ്പത് ദിവസത്തിനകം തുറന്നുകൊടുക്കാൻ ഇറാനും സമ്മതിച്ചിട്ടുണ്ട്. യുദ്ധക്കെടുതികൾ നേരിട്ട ഇറാന്റെ പുനർനിർമ്മാണത്തിനായി അമേരിക്കയും സഖ്യകക്ഷികളും 30,000 കോടി ഡോളർ നൽകണമെന്നും നിലവിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന 2,400 കോടി ഡോളറിന്റെ ഫണ്ട് ഉടൻ വിട്ടുനൽകണമെന്നും പട്ടികയിൽ ആവശ്യപ്പെടുന്നു. ഈ ഫണ്ടിന്റെ പകുതിയെങ്കിലും ലഭിച്ചാൽ മാത്രമേ തുടർചർച്ചകളുമായി മുന്നോട്ട് പോകൂ എന്നാണ് ഇറാന്റെ നിലപാട്. ആഗോളതലത്തിൽ ആശങ്കയുയർത്തുന്ന ആണവ വിഷയത്തിൽ അന്തിമ കരാറിലെത്താൻ 60 ദിവസത്തെ ചർച്ചകൾ നടത്തുമെന്നും, ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്നും ആണവ നിർവ്യാപന കരാറിലേക്ക് വീണ്ടും മടങ്ങിയെത്തുമെന്നും പുതിയ നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.
പതിനാലിന നിർദ്ദേശങ്ങൾ
- ലബനൻ ഉൾപ്പടെ വെടി നിർത്തൽ
- ഇറാന്റെ ആഭ്യന്തര വിഷയങ്ങളിൽ അമേരിക്ക ഇടപെടില്ല
- നാവിക ഉപരോധം മുപ്പത് ദിവസത്തിനുള്ളിൽ നീക്കണം
- ഇറാന്റെ പരിധികളിൽ നിന്ന് സേനയെ അമേരിക്ക പിൻവലിക്കണം
- ഹോർമുസ് ഇറാൻ മുപ്പത് ദിവസത്തിനുള്ളിൽ തുറക്കും
- ഇറാന്റെ എണ്ണ ഉപരോധം നീക്കും
- മുപ്പതിനായിരം കോടി ഡോളർ ഇറാന്റെ പുനർ നിർമാണത്തിന് അമേരിക്കയും കക്ഷികളും നൽകും
- ആണാവ വിഷയത്തിൽ അന്തിമ കരാറിലേക്ക് 60 ദിവസം ചർച്ച
- ഇറാൻ ആണവയുധം ഉണ്ടാക്കില്ല. ആണവ നിർവ്യാപന കരാറിലേക്ക് ഇറാൻ വീണ്ടും എത്തും
- ചർച്ചകൾക്കിടെ സേന ശേഷി അമേരിക്ക ഇനി വർധിപ്പിക്കരുത്
- 2400 കോടി ഡോളർ ഫണ്ട് ഇറാന് വിട്ടു നൽകും
- ധാരണ മേൽനോട്ടം വഹിക്കാൻ സമിതി
- അന്തിമ കരാറിന് യു എൻ സുരക്ഷ കൗൺസിൽ അംഗീകാരം വേണം
- ഇറാന്റെ ഫണ്ട് പകുതിയെങ്കിലും നൽകിയാൽ മാത്രം തുടർന്ന് ചർച്ച
Iranian Media Publishes 14-Point US-Iran Peace Formula Aimed at Resolving Sanctions and Border Disputes














