ഇറാൻ-ഇറാഖ് സാമ്പത്തിക ബന്ധങ്ങളിൽ വിദേശികൾ ഇടപെടരുതെന്ന് ഇറാൻ സുരക്ഷാ മേധാവി; എണ്ണക്കടത്ത് തടഞ്ഞ ഇറാഖ് പ്രധാനമന്ത്രിയെ പ്രശംസിച്ച് ട്രംപ്

ടെഹ്‌റാൻ: ഇറാനും ഇറാഖും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളിൽ “വിദേശികൾ” ഇടപെടുന്നത് അനുവദിക്കരുതെന്ന് ഇറാൻ സുരക്ഷാ മേധാവി മൊഹ്‌സെൻ റെസായി ശനിയാഴ്ച മുന്നറിയിപ്പ് നൽകി. എണ്ണക്കടത്ത് തടയാൻ കർശന നടപടി സ്വീകരിച്ച ഇറാഖ് സർക്കാരിനെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശംസിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം. ടെഹ്‌റാനിൽ ഇറാഖ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഖാസിം അൽ-അബൂദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തെ പ്രതികൂലമായി ബാധിക്കാൻ വിദേശ ശക്തികളെ അനുവദിക്കരുതെന്ന് റെസായി ആവശ്യപ്പെട്ടതെന്ന് ഇറാൻ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.

കുർദിസ്ഥാൻ മേഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും എണ്ണക്കടത്തിനും എതിരെ ശക്തമായ നടപടിയെടുത്ത അമേരിക്കൻ പിന്തുണയുള്ള ഇറാഖ് പ്രധാനമന്ത്രി അലി അൽ-സൈദിയെ ട്രംപ് വെള്ളിയാഴ്ച പ്രശംസിച്ചിരുന്നു. പേർഷ്യൻ ഗൾഫിലെ തുറമുഖങ്ങളിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് സമുദ്രമാർഗ്ഗമുള്ള ഇറക്കുമതി നിലച്ചതോടെ, ഇറാൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന കുർദിസ്ഥാൻ മേഖല വഴിയുള്ള അനധികൃത എണ്ണക്കടത്ത് ഇറാന് വലിയ സഹായമായിരുന്നു.

ഇറാഖിലുടനീളം ഭരണകൂടത്തിന്റെ അധികാരം ഉറപ്പിക്കാനും, ഇറാഖി എണ്ണയുടെ കള്ളക്കടത്ത് തടയാനും, അഴിമതി അവസാനിപ്പിക്കാനും, എല്ലാ ആയുധങ്ങളും സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലാക്കാനും പ്രധാനമന്ത്രി അലി അൽ-സൈദി നടത്തുന്ന ശ്രമങ്ങളെ അമേരിക്ക പൂർണ്ണമായി പിന്തുണയ്ക്കുന്നതായി ട്രംപ് ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. സ്വന്തമായി രാഷ്ട്രീയ തീരുമാനങ്ങളെടുക്കാൻ കഴിയുന്ന, ഐക്യവും അഭിവൃദ്ധിയും കരുത്തുമുള്ള ഒരു ഇറാഖിനെ കെട്ടിപ്പടുക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കങ്ങൾക്ക് അമേരിക്കയുടെ പിന്തുണയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

More Stories from this section

family-dental
witywide