അമേരിക്കൻ സൈന്യത്തിനെതിരായ ആക്രമണങ്ങൾക്ക് ഇറാൻ ‘സ്റ്റാർലിങ്ക്’ ഉപയോഗിച്ചതായി റിപ്പോർട്ട്; രോഷാകുലനായി ഇലോൺ മസ്ക്

വാഷിംഗ്ടൺ: അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ, യു.എസ് സൈന്യത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ സ്പേസ് എക്സിന്റെ ‘സ്റ്റാർലിങ്ക്’ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഉപയോഗിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സൈന്യത്തിനെതിരായ ഇറാന്റെ നീക്കങ്ങളിൽ സ്റ്റാർലിങ്ക് അനധികൃതമായി ഉപയോഗിച്ച രണ്ട് സംഭവങ്ങൾ കണ്ടെത്തിയതോടെ സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്ക് കടുത്ത രോഷത്തിലായതായി കമ്പനിക്കുള്ളിലെ ചർച്ചകളെക്കുറിച്ച് അറിവുള്ള കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

ഇതിനുപുറമെ, സ്റ്റാർലിങ്കിന്റെ സൈനിക പതിപ്പായ ‘സ്റ്റാർഷീൽഡ്’ ഉപയോഗിച്ച് യു.എസ് സൈന്യം വൺ-വേ അറ്റാക്ക് ഡ്രോണുകൾ പറത്തിയതായും, എന്നാൽ ഇതിനായി കരസേനാ പ്രവർത്തനങ്ങൾക്കുള്ള നിരക്ക് കുറഞ്ഞ പ്ലാനാണ് സൈന്യം തിരഞ്ഞെടുത്തതെന്നും മസ്കിന് വിവരം ലഭിച്ചു. ഈ രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ സ്പേസ് എക്സിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതായും, റീസെല്ലർമാർ വഴിയുള്ള വിൽപ്പനയിൽ കമ്പനി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ സ്പേസ് എക്സും യു.എസ് പ്രതിരോധ വകുപ്പും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

യുക്രെയ്‌നിലും ഇറാനിലും നടക്കുന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ, സംഘർഷ മേഖലകളിലെ സ്റ്റാർലിങ്കിന്റെ ഉപയോഗവും, യു.എസ് സർക്കാരിന്റെ നിയന്ത്രണവും, ഉപരോധമുള്ള രാജ്യങ്ങൾ ഇത് നിയമവിരുദ്ധമായി ഉപയോഗിക്കുന്നതും വലിയ ചർച്ചയായിട്ടുണ്ട്. ഇറാനിൽ പ്രവർത്തിക്കാൻ സ്റ്റാർലിങ്കിന് ഔദ്യോഗിക ലൈസൻസ് ഇല്ലെങ്കിലും, അവിടെ സേവനം ലഭ്യമാണെന്ന് മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ജനുവരിയിൽ ഇറാനിലുണ്ടായ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടെ സർക്കാർ ഇന്റർനെറ്റ് വിച്ഛേദിച്ചപ്പോൾ, ആയിരക്കണക്കിന് സ്റ്റാർലിങ്ക് ടെർമിനലുകൾ അമേരിക്കൻ സർക്കാർ രഹസ്യമായി ഇറാനിലേക്ക് കടത്തിയിരുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതു മുതൽ ഇറാൻ ഭരണകൂടം രാജ്യത്തെ ഇന്റർനെറ്റ് സംവിധാനങ്ങൾക്ക് മേൽ കർശന നിയന്ത്രണം തുടരുകയാണ്.

More Stories from this section

family-dental
witywide