
മുത്തശ്ശി മരിച്ച വിവരം കൃത്യമായി അറിയിച്ചെന്ന ഡൽഹി പോലീസിന്റെ അവകാശവാദം തള്ളി കോക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്കെ രംഗത്തെത്തി. തടങ്കലിലായിരിക്കെ മുത്തശ്ശിയുടെ മരണവിവരമറിഞ്ഞ് ബന്ധുക്കളോട് ഒരു മിനിറ്റ് സംസാരിക്കാൻ ഫോൺ തരണമെന്ന് കെഞ്ചിയെങ്കിലും പോലീസ് തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഒടുവിൽ പുലർച്ചെ മൂന്നരയ്ക്കാണ് അച്ഛനോട് സംസാരിക്കാൻ പോലീസ് ഫോൺ നൽകിയത്. കസ്റ്റഡിയിലിരിക്കെ വലിയ മാനസിക ട്രോമയാണ് നേരിട്ടതെന്നും സ്വന്തം അഭിഭാഷകനുമായി ബന്ധപ്പെടാൻ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഡൽഹിയിലെ പോലീസുകാർ യൂണിഫോമിട്ട ഗുണ്ടകളാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് അവരെ ഇത്തരം ഗുണ്ടകളാക്കി മാറ്റിയതെന്നും ദീപ്കെ തുറന്നടിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്നും ഒരു തവണയല്ല, നൂറു തവണ ജയിലിലടച്ചാലും ഏകാധിപത്യത്തിനെതിരെയുള്ള പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ ദീപ്കെയെ വിമാനത്തിനുള്ളിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, അഭിജിത് ദീപ്കെയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് ഡൽഹി പോലീസിന്റെ വാദം. ദീപ്കെയെ ബോധപൂർവ്വം വിട്ടയക്കാൻ വൈകിച്ചുവെന്ന ആരോപണം തെറ്റാണെന്ന് ഡൽഹി പോലീസ് പി.ആർ.ഒ നേഹ യാദവ് പത്രസമ്മേളനത്തിൽ പറഞ്ഞു. മരണവിവരവും സംസ്‌കാര സമയവും കൃത്യമായി അറിയിച്ചിരുന്നെന്നും, നാട്ടിലേക്ക് പോകാൻ യാത്രാസൗകര്യം വാഗ്ദാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് പോലീസ് അവകാശപ്പെട്ടു. എന്നാൽ പോലീസിന്റെ ഈ വാദങ്ങളെല്ലാം അസത്യമാണെന്നും തടങ്കലിൽ നേരിട്ട പീഡന മറയ്ക്കാനാണ് ഇത്തരം വാർത്താസമ്മേളനങ്ങൾ നടത്തുന്നതെന്നും ദീപ്കെ തിരിച്ചടിച്ചു.
Denied Phone Call After Grandmother’s Death, Faced Trauma in Custody: CJP Founder Abhijit Dipke Slams Delhi Police












