വാഷിങ്ടൺ: ജോലി നഷ്ടപ്പെടുന്ന വിദേശ തൊഴിലാളികൾക്ക് നിലവിൽ ലഭിക്കുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് ഒഴിവാക്കാനുള്ള യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ (DHS) നിർദേശത്തിനെതിരെ കുടിയേറ്റ വിദഗ്ധനും സിയാറ്റിൽ ആസ്ഥാനമായ ഇമിഗ്രേഷൻ സ്ഥാപനത്തിന്റെ സിഇഒയുമായ ഷിയാവോ വാങ് രംഗത്ത്.
ആശുപത്രി ഒരു വിഭാഗം അടച്ചുപൂട്ടിയതിനെ തുടർന്ന് ജോലി നഷ്ടപ്പെടുന്ന വിദേശ ഡോക്ടറെയും സ്റ്റാർട്ടപ്പ് കമ്പനി പൂട്ടുന്നതോടെ ജോലി നഷ്ടപ്പെടുന്ന മുതിർന്ന എഐ എൻജിനീയറെയും പുതിയ ജോലി കണ്ടെത്താൻ സമയം നൽകാതെ യുഎസിൽ നിന്ന് നാടുകടത്താൻ രാജ്യം തയ്യാറാണോയെന്ന് വാങ് ചോദിച്ചു.
നിലവിലെ നിയമപ്രകാരം H-1B ഉൾപ്പെടെയുള്ള ചില തൊഴിൽ അധിഷ്ഠിത വിസയുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ പുതിയ ജോലി കണ്ടെത്താനോ വിസാ സ്റ്റാറ്റസ് മാറ്റാനോ യുഎസിൽ നിന്ന് പുറത്തുപോകാനുള്ള നടപടികൾ സ്വീകരിക്കാനോ പരമാവധി 60 ദിവസം ലഭിക്കും. എന്നാൽ ഈ ഗ്രേസ് പിരീഡ് ഒഴിവാക്കാനാണ് DHS നിർദേശിച്ചിരിക്കുന്നത്.
“ജോലി നഷ്ടപ്പെടുന്നതിനൊപ്പം ഉടൻ രാജ്യം വിടേണ്ടി വരുമെന്ന് അറിയിക്കപ്പെടുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ. വാടക, ഭവനവായ്പ, കുട്ടികളുടെ പഠനം, വർഷങ്ങളോ പതിറ്റാണ്ടുകളോ ആയി കെട്ടിപ്പടുത്ത ജീവിതം എല്ലാം പെട്ടെന്ന് തകിടംമറിയാം,” വാങ് പറഞ്ഞു.
പുതിയ ജോലി കണ്ടെത്താൻ 60 ദിവസം പോലും മതിയായ സമയമല്ലെന്നും, പ്രത്യേകിച്ച് വിസ സ്പോൺസർ ചെയ്യാൻ തയ്യാറുള്ള തൊഴിലുടമയെ കണ്ടെത്തേണ്ട സാഹചര്യത്തിൽ ഇത് കൂടുതൽ ബുദ്ധിമുട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിർദേശം നിലവിലെ നിയമമായി മാറിയാൽ, ജോലി അവസാനിക്കുന്ന വിദേശ തൊഴിലാളികൾക്ക് യുഎസിൽ തുടരാൻ മറ്റൊരു നിയമപരമായ അടിസ്ഥാനമില്ലെങ്കിൽ ഉടൻ രാജ്യം വിടേണ്ടിവരുമെന്നാണ് വാങിന്റെ വിലയിരുത്തൽ. വിദേശ പ്രതിഭകളെ നിയമിക്കുന്നതിലും നിലനിർത്തുന്നതിലും യുഎസ് കമ്പനികൾക്കും ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 60 ദിവസത്തെ ഗ്രേസ് പിരീഡ് ഇപ്പോഴും നിലവിലുണ്ടെന്നും നിർദേശം ഇതുവരെ അന്തിമമായിട്ടില്ലെന്നും വാങ് വ്യക്തമാക്കി. “ഇപ്പോഴൊന്നും മാറിയിട്ടില്ല. എന്നാൽ ജനങ്ങളുടെ ജീവിതത്തെയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള സമീപനത്തിന്റെ മറ്റൊരു സൂചനയാണിത്,” അദ്ദേഹം പറഞ്ഞു.
വിഷയം വ്യക്തമാക്കാൻ രണ്ട് സാഹചര്യങ്ങളും വാങ് മുന്നോട്ടുവച്ചു. ഒരു ആശുപത്രി ഒരു പ്രത്യേക ചികിത്സാ വിഭാഗം അടച്ചതിന്റെ പേരിൽ വിദേശ ഡോക്ടർക്ക് പുതിയ ജോലി കണ്ടെത്താൻ സമയം നൽകാതെ അദ്ദേഹത്തെ നാടുകടത്തണോ? തെറ്റായ സ്റ്റാർട്ടപ്പിൽ ജോലി തിരഞ്ഞെടുത്തുവെന്ന കാരണത്താൽ മുതിർന്ന എഐ എൻജിനീയർക്ക് മറ്റൊരു ജോലി കണ്ടെത്താൻ അവസരം നൽകാതെ യുഎസിൽ നിന്ന് പുറത്താക്കണോ? എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യങ്ങൾ.
E-1, E-2, E-3, H-1B, H-1B1, L-1, O-1, TN വിസ വിഭാഗങ്ങൾക്കും അവരോടൊപ്പം വരുന്ന ആശ്രിതർക്കുമാണ് 60 ദിവസത്തെ ഗ്രേസ് പിരീഡ് ഒഴിവാക്കാനുള്ള നിർദേശം ബാധകമാകുക.
Do we want to deport foreign doctors? Immigration firm CEO asks if US is ready to lose medical professionals, Al engineers by removing 60-day grace period











