
ജുനൂ (അലാസ്ക): റിപ്പബ്ലിക്കൻ സെനറ്റർ ഡാൻ സല്ലിവന്‍റെ അതേ പേരിലുള്ള മറ്റൊരു സ്ഥാനാർത്ഥിയെ മത്സരത്തിലിറക്കാൻ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മേരി പെൽടോളയുടെ കാമ്പെയ്ൻ സംഘം സഹായിച്ചെന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്ന്, സംഭവത്തിൽ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ട് അലാസ്ക ഗവർണർ മൈക്ക് ഡൺലീവി. അലാസ്ക ഡിവിഷൻ ഓഫ് ഇലക്ഷൻസ് ഇതിനകം നടത്തിയ പരിശോധനയ്ക്ക് പുറമെ, ഈ നീക്കം സംസ്ഥാനത്തെ നിയമങ്ങളുടെ ലംഘനമാണോയെന്നും ക്രിമിനൽ-സിവിൽ നടപടികൾ ആവശ്യമാണോയെന്നും പരിശോധിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്തിയോട് ഗവർണർ ഉത്തരവിട്ടു.
വോട്ടർമാരെ ബോധപൂർവ്വം കബളിപ്പിച്ച് തെറ്റായ വോട്ടുകൾ ചെയ്യിക്കുന്നത് തിരഞ്ഞെടുപ്പിന്റെ സുതാര്യതയെയാണ് തകർക്കുന്നതെന്ന് ഗവർണർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഈ അന്വേഷണം യുഎസ് സെനറ്റിലേക്ക് ആരെങ്കിലും തിരഞ്ഞെടുക്കപ്പെടുന്നതിനെത്തന്നെ ബാധിച്ചേക്കാമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ ഡാനി സല്ലിവനെ ബാലറ്റിൽ ഉൾപ്പെടുത്തിയ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മേരി പെൽടോളയും വ്യക്തമാക്കിയിട്ടുണ്ട്. വോട്ടർമാരെ കബളിപ്പിക്കാൻ താൻ താല്പര്യപ്പെടുന്നില്ലെന്നും ഇത്തരം ഭീഷണികൾക്ക് മുന്നിൽ പകുതിവഴിക്ക് പിന്മാറില്ലെന്നും പെൽടോളയുടെ കാമ്പെയ്ൻ വക്താവ് കൂട്ടിച്ചേർത്തു.
റിപ്പബ്ലിക്കൻ സെനറ്റർ ഡാൻ സല്ലിവനും സമാനമായ പേരിലുള്ള ഡാനിയൽ ജെ. സല്ലിവൻ ജൂനിയറും തമ്മിലുള്ള മത്സരം അലാസ്കയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സംഭവത്തിൽ ഡെമോക്രാറ്റുകൾ തിരഞ്ഞെടുപ്പ് അട്ടിമറിയാണ് നടത്തിയതെന്നും മേരി പെൽടോളയെയും ഡാനിയൽ സല്ലിവനെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആവശ്യപ്പെട്ടിരുന്നു. വോട്ടർമാരുടെ ആശയക്കുഴപ്പം മുൻനിർത്തി തിരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കാൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റും കോടതിയെ സമീപിച്ചിട്ടുണ്ട്.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ. സുധാകരൻ നേരിടേണ്ടിവന്ന സമാനമായ ‘ഡമ്മി സ്ഥാനാർത്ഥി’ തന്ത്രം രാഷ്ട്രീയ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. സിപിഐഎമ്മിന്റെ പി.കെ. ശ്രീമതി ടീച്ചറോട് വെറും 6,566 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിനാണ് അന്ന് കെ. സുധാകരൻ പരാജയപ്പെട്ടത്. എന്നാൽ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കെ. സുധാകരൻ എന്ന പേരുള്ള മറ്റ് രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾ കൂടി അന്ന് മത്സരരംഗത്തുണ്ടായിരുന്നു. കെ. സുധാകരൻ കൊളോൺ ഹൗസ്, കെ. സുധാകരൻ ശ്രീശൈലം എന്നിങ്ങനെ പേരുള്ള ഈ രണ്ട് ‘ഡമ്മി’ സ്ഥാനാർത്ഥികൾ ചേർന്ന് മാത്രം 7,100-ലധികം വോട്ടുകൾ നേടിയിരുന്നു. ഔദ്യോഗിക സ്ഥാനാർത്ഥിയുടെ പേരുമായി സാദൃശ്യമുള്ളവരെ മനപ്പൂർവ്വം നിർത്തി വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്ന ഈ തന്ത്രം തിരഞ്ഞെടുപ്പ് ഫലത്തെ തന്നെ സ്വാധീനിച്ചേക്കാമെന്നതിന്റെ മികച്ച ഉദാഹരണമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇത് ചൂണ്ടിക്കാണിക്കുന്നത്. അലാസ്ക സെനറ്റ് തിരഞ്ഞെടുപ്പിൽ സമാനമായ രീതിയിൽ ‘ഡാൻ സല്ലിവൻ’ എന്ന പേരിൽ മറ്റൊരു സ്ഥാനാർത്ഥി രംഗത്തുവന്നപ്പോൾ അമേരിക്കൻ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഇതിനെ ഇന്ത്യയിലെ ‘കണ്ണൂർ മോഡൽ’ ആൾമാറാട്ട തന്ത്രത്തോടാണ് ഉപമിച്ചത്.













