
വാഷിംഗ്ടൺ: വാഷിംഗ്ടൺ സ്റ്റേറ്റിലെ വോട്ടർ പട്ടികയിലുള്ള പൗരന്മാരല്ലാത്ത 400 പേരുടെ പേരുകൾ നീക്കം ചെയ്യണമെന്ന ഫെഡറൽ പ്രോസിക്യൂട്ടർമാരുടെ ആവശ്യം വാഷിംഗ്ടൺ സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്റ്റീവ് ഹോബ്സ് തള്ളിക്കളഞ്ഞു. ഫെഡറൽ സർക്കാർ നൽകിയ പട്ടിക വിശ്വാസയോഗ്യമല്ലെന്നും, അതിൽ നിരവധി അമേരിക്കൻ പൗരന്മാരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ 3-ന് നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ പുതിയ വിവാദം ഉയർന്നിരിക്കുന്നത്.
വാഷിംഗ്ടണിൽ ഒക്ടോബർ പകുതി മുതൽ തപാൽ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. ഇതുവരെ 1.3 ദശലക്ഷത്തിലധികം വോട്ടുകൾ തിരികെ ലഭിച്ചിട്ടുമുണ്ട്. ഇതിനിടയിലാണ് സംശയാസ്പദമായ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറൽ പ്രോസിക്യൂട്ടർമാരായ നീൽ ഫ്ലോയിഡും പെറ്റ് സെറാനോയും സെക്രട്ടറി ഓഫ് സ്റ്റേറ്റിന് കത്ത അയച്ചത്.
എന്നാൽ ഈ പട്ടിക പരിശോധിച്ചപ്പോൾ ഗുരുതരമായ പിഴവുകളാണ് കണ്ടെത്തിയതെന്ന് സ്റ്റീവ് ഹോബ്സ് മറുപടി നൽകി. പട്ടികയിലുള്ള പലരും യുഎസ് പൗരന്മാരാണെന്നും, നിലവിൽ വോട്ടർ പട്ടികയിൽ ഇല്ലാത്തവരും നിഷ്ക്രിയരായ നിരവധി പേരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വ്യക്തമായ തെളിവുകളില്ലാതെ വോട്ടർമാരുടെ ബാലറ്റുകൾ തടയുന്നത് നിയമവിരുദ്ധവും ഉത്തരവാദിത്തമില്ലായ്മയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ട്രംപ് ഭരണകൂടം ഈ പട്ടിക തയ്യാറാക്കിയത് എങ്ങനെയെന്നതിന്റെ ഉറവിടമോ വിവരങ്ങളോ നൽകിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. വോട്ടർ ഐഡി നമ്പറോ വിലാസമോ ഇല്ലാത്ത, ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ ഉൾപ്പെട്ട ഒരു പിഡിഎഫ് സ്പ്രെഡ്ഷീറ്റാണ് തങ്ങൾക്ക് ലഭിച്ചതെന്നും, ഇത് തിടുക്കപ്പെട്ട് തയ്യാറാക്കിയതാണെന്ന് വ്യക്തമാണെന്നും ഹോബ്സ് പറഞ്ഞു. മിഡ്ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി കാലിഫോർണിയ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ വിദേശ പൗരന്മാരുടെ വോട്ടുകൾ മാറ്റിവെക്കാൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടിരുന്നു.














