ഭൂകമ്പം തകർത്തെറിഞ്ഞ വെനിസ്വേലയിൽ കനത്ത നാശനഷ്ടം : 32 മരണം, 700 ഓളം പേർക്ക് പരിക്ക്; രാജ്യത്ത് അടിയന്തരാവസ്ഥ

കാരാക്കസ്: തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിലുണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളിൽ കനത്ത നാശനഷ്ടം. ദുരന്തത്തിൽ കുറഞ്ഞത് 32 പേർ മരിക്കുകയും 700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യത്തിൻ്റെ ഇടക്കാല പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരണസംഖ്യയെക്കുറിച്ച് സർക്കാർ പുറത്തുവിടുന്ന ആദ്യത്തെ ഔദ്യോഗിക കണക്കുകളാണിത്. ദുരന്തത്തിൻ്റെ വ്യാപ്തി കണക്കിലെടുത്ത് രാജ്യത്ത് ഭരണകൂടം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രാദേശിക സമയം വൈകിട്ട് ആറ് മണിയോടെ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങൾ അനുഭവപ്പെട്ടത്. തീരദേശ നഗരമായ മൊറോണിന് സമീപമാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. വെനസ്വേലൻ ചരിത്രത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളാണിത്.

ഭൂകമ്പത്തെത്തുടർന്ന് തലസ്ഥാനമായ കാരാക്കസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ കനത്ത നാശനഷ്ടമാണുണ്ടായത്. നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നുവീണു. കാരാക്കസിലെ സിമോൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് അടച്ചുപൂട്ടി. ട്രെയിൻ, മെട്രോ സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി രാജ്യത്തെ ഗ്യാസ് വിതരണ ശൃംഖലകളും താൽക്കാലികമായി വിച്ഛേദിച്ചു. പലയിടങ്ങളിലും വൈദ്യുതി, ഫോൺ ബന്ധങ്ങൾ പൂർണ്ണമായും തകരാറിലാണ്.

തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. യു.എസ് ജിയോളജിക്കൽ സർവേ ദുരന്തബാധിത പ്രദേശങ്ങളിൽ ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് സൈന്യത്തിൻ്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Earthquake hits Venezuela, causing massive damage: 32 dead, over 700 injured; State of emergency declared in the country

More Stories from this section

family-dental
witywide