ടോക്കിയോ: ജപ്പാനിലെ തെക്കൻ പ്രധാന ദ്വീപായ ക്യുഷുവിലെ കുമാമോട്ടോ തീരത്തിന് സമീപം ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി (JMA) സുനാമി മുന്നറിയിപ്പ് (Tsunami Advisory) പുറപ്പെടുവിച്ചു. പ്രാദേശിക സമയം വൈകിട്ട് 4.27-നാണ് ഭൂചലനം അനുഭവപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജെഎംഎ അറിയിച്ചു.
ഭൂചലനത്തെ തുടർന്ന് ഒരു മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾ വൈകിട്ട് 5 മണിയോടെ തീരപ്രദേശങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ദേശീയ പൊതുപ്രക്ഷേപണ സ്ഥാപനമായ എൻഎച്ച്കെയുടെ റിപ്പോർട്ട് പ്രകാരം, ചില പ്രദേശങ്ങളിൽ ഇത്രയും ഉയരമുള്ള തിരമാലകൾ ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് സൂചന.
ലോകത്ത് ഏറ്റവും കൂടുതൽ ഭൂചലനങ്ങൾ അനുഭവപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. പസഫിക് സമുദ്രത്തിലെ ‘റിംഗ് ഓഫ് ഫയർ’ മേഖലയിലുള്ള നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്താണ് രാജ്യം സ്ഥിതി ചെയ്യുന്നത്. അതിനാൽ വർഷംതോറും നൂറുകണക്കിന് ഭൂചലനങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. ലോകത്തെ ആകെ ഭൂചലന പ്രവർത്തനങ്ങളിൽ ഏകദേശം 18 ശതമാനവും ജപ്പാനിലാണ് രേഖപ്പെടുത്തുന്നത്.
2011 മാർച്ചിൽ ജപ്പാനെ തകർത്ത 9.0 തീവ്രതയുള്ള ഭൂചലനവും സുനാമിയും രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു. ആ ദുരന്തത്തിൽ 18,500-ഓളം പേർ മരിക്കുകയോ കാണാതാകുകയോ ചെയ്തിരുന്നു. കൂടാതെ ഫുകുഷിമ ആണവ ദുരന്തത്തിനും അത് വഴിവെച്ചു. അടുത്തിടെ, ജൂൺ 25-ന് വടക്കൻ ജപ്പാനിൽ 7.2 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നെങ്കിലും ആളപായമോ വലിയ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിരുന്നില്ല.
അതേസമയം, ഈ വർഷം ഏപ്രിലിൽ ഉണ്ടായ 7.7 തീവ്രതയുള്ള ഭൂചലനത്തിൽ കുറഞ്ഞത് 10 പേർക്ക് പരിക്കേൽക്കുകയും ടോക്കിയോയിലെ ബഹുനില കെട്ടിടങ്ങൾ വരെ ശക്തമായി കുലുങ്ങുകയും ചെയ്തിരുന്നു. തുടർന്ന് 8.0 അല്ലെങ്കിൽ അതിലധികം തീവ്രതയുള്ള ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതർ ഒരാഴ്ചത്തേക്ക് നൽകിയിരുന്നു.
Japan hit by 7.1-magnitude earthquake, tsunami alert issued















