
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു. സിഎംആര്‍എല്‍ – എക്സാലോജിക്ക് സാമ്പത്തിക ഇടപാടിലാണ് നടപടി. എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു.
ഇഡിയുടെ പരിശോധനയില്‍ നിരവധി കുറ്റകരമായ രേഖകള്‍/ അക്കൗണ്ടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, നിക്ഷേപങ്ങള്‍/ബാങ്ക് എഫ്ഡി എന്നിവ കണ്ടെത്തിയെന്ന് ഇ ഡി വ്യക്തമാക്കി. 242 അക്കൗണ്ടുകളിലായി 18. 36 കോടി രൂപ മരവിപ്പിച്ചു. ലഭിച്ച രേഖകള്‍ പരിശോധിച്ചു വരികയാണ്. സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി സ്വീകരിച്ച ആളുകളെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നും ഇ ഡി അറിയിച്ചു.
അതേസമയം, തിരുവനന്തപുരത്ത് ഉണ്ടായ ആക്രമണം ആസൂത്രിതമെന്ന് ഇഡി വ്യക്തമാക്കി. യാതൊരു പ്രകോപനവുമില്ലാതെ ഇഷ്ടികകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ഇ ഡി സംഘത്തിന്റെ കാറുകള്‍ ജനക്കൂട്ടം ആക്രമിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ചില ആളുകള്‍ ഗൂഢാലോചന നടത്തിയെന്നും അത് ഒരു സ്വാഭാവിക പ്രതികരണമല്ലെന്നുമാണ് ഇത് കാണിക്കുന്നത്. ഇ ഡി സെര്‍ച്ച് ടീമും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന മൂന്ന് കാറുകള്‍ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു.
അതിക്രമത്തിൽ കാര്‍ ഡ്രൈവര്‍മാരില്‍ ഒരാളുടെ കണ്ണിന് പരുക്കേറ്റു. ഇ ഡി നടപടിക്രമങ്ങള്‍ പാലിച്ചു. ജനക്കൂട്ടത്തെ ചെറുക്കുകയോ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തിനു നേരെ ഒരു ആക്രമണവും നടത്തുകയോ ചെയ്തില്ല. അക്രമികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി തിരുവനന്തപുരം പൊലീസില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരും- എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ED raid; Veena’s bank account frozen
.









