ഷിക്കാഗോ സോഷ്യൽ ക്ലബ് ഓണാഘോഷം: കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ അതിഥികളായി എത്തി

ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ ഓണാഘോഷം അതിഗംഭീരമായി നടത്തി. ഓണാഘോഷത്തിൽ കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളായ ആഭ്യന്തര വകുപ്പ് മന്ത്രി രമേഷ് ചെന്നിത്തല, ജല വകുപ്പ് മന്ത്രി മോൻസ് ജോസഫ്, രാജ്യസഭ എംപി ജോസ് കെ മാണി, എംഎൽഎമാരായ അൻവർ സാദത്ത്, മുൻ മന്ത്രി പന്തളം സുധാകരൻ എന്നിവർ പങ്കെടുത്തു. ഷിക്കാഗോ മോർട്ടൻ ഗ്രോവിലുള്ള സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി അങ്കണത്തിലായിരുന്നു ഓണാഘോഷം സംഘടിപ്പിച്ചത്.

ലോകത്ത് എവിടെയും മലയാളികൾ ഒരുമിച്ച് ഓണാഘോഷം സംഘടിപ്പിക്കുന്നുവെന്നത് സന്തോഷകരമായ കാര്യമാണെന്നും ഓണത്തിന് ഏറ്റവും കൂടുതൽ സമ്മാന തുക നൽകുന്ന, ലോകത്തിൽ തന്നെ ഏറ്റവും വലിയ വടംവലി മത്സരം നടത്തുന്നത് ഷിക്കാഗോ സോഷ്യൽ ക്ളബാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ആഘോഷമാണെങ്കിലും ഷിക്കാഗോ സോഷ്യൽ ക്ലബിൻ്റെ നേതൃത്വത്തിലാണ് വടംവലി ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത്.

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം ഗ്രാമ പഞ്ചായത്ത് തലത്തിൽ ആരംഭിക്കുകയാണ്. മയക്കുമരുന്നിന് എതിരെയുള്ള മുന്നേറ്റമാണ് തൂഫാൻ . പൊലീസ് ജാഗ്രതയോടെ പ്രവർത്തിക്കുകയാണ്. ജനങ്ങൾ കൂടെ നിൽക്കണമെന്നും 170 കോടി രൂപയുടെ മയക്കുമരുന്ന് സംസ്ഥാനത്ത് ഇതുവരെ പിടികൂടിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു.

ലോകത്തെ ഏറ്റവും മികച്ച വടംവലി മത്സരം സംഘടിപ്പിക്കുന്നത് ഷിക്കാഗോ സോഷ്യൽ ക്ലബ് ആണെന്നും ശക്തമായ കൂട്ടായ്മയാണിതെന്നും ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ഷിക്കാഗോ സോഷ്യൽ ക്ലബിൻ്റെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പറ്റിയത് ഭാഗ്യമായി കരുതുന്നുവെന്നും പ്രവാസി ലോകത്തെ ചേർത്തു പിടിച്ചു കൊണ്ട് കേരളത്തിൽ കൂടുതൽ പുരോഗതി കൊണ്ടുവരാനാണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.

ഓണം ഒരു ഓർമ്മപ്പെടുത്തൽ ആണെന്നും ഷിക്കാഗോ സോഷ്യൽ ക്ലബിൻ്റെ ഓണാഘോഷത്തിൽ പങ്കെടുക്കാനായത് ഏറെ സന്തോഷമാണെന്നും രാജ്യസഭാ എംപി ജോസ് കെ മാണി ചടങ്ങിൽ പറഞ്ഞു. ഷിക്കാഗോ സോഷ്യൽ ക്ലബ് ഒരു കുടുംബത്തെ പോലെയാണ്. അതാണ് അവരുടെ വിജയം. ഷിക്കാഗോയിലെ ഏറ്റവും വലിയ സോഷ്യൽ ക്ലബ്ബാണ് ഷിക്കാഗോ സോഷ്യൽ ക്ലബ് എന്നും ജോസ് കെ മാണി പറഞ്ഞു. ഇന്ന് ഡാർക്ക് നെറ്റ്വർക്ക് വഴിയാണ് ലഹരി വിൽപന നടക്കുന്നത്. കേരളത്തിൻ്റെ ലഹരിവേട്ട മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കി മുന്നോട്ട് വന്നുവെന്നും ഓപ്പറേഷൻ തൂഫാന് അനുമോദനങ്ങളെന്നും ജോസ് കെ മാണി പറഞ്ഞു.

ഷിക്കാഗോ സോഷ്യൽ ക്ലബ് കൂട്ടായ്മ എന്നും നിലനിൽക്കട്ടെയെന്നും ഓപ്പറേഷൻ തൂഫാനെ എല്ലാവരും പിന്തുണയ്ക്കണമെന്നും ആലുവ എം എൽ എ അൻവർ സാദത്ത് ചടങ്ങിൽ പറഞ്ഞു. പദ്ധതി വഴി ഒരോ വീട്ടിലും പൊലീസ് സംരക്ഷകർ ആകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വടംവലിയ്ക്ക് പ്രധാന്യം നൽകി ഓണഘോഷം സംഘടപ്പിക്കുന്നത് ഷിക്കാഗോ സോഷ്യൽ ക്ലബ് ആണെന്നും വിപുലമായ ഓണാഘോഷമാണ് ഷിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നതെന്നും ചടങ്ങിൽ മുൻ മന്ത്രി പന്തളം സുധാകരൻ പറഞ്ഞു. മലയാളികൾ പല കാര്യങ്ങളിലും ഒന്നാം സ്ഥാനത്താണ്. സംസ്ഥാന സർക്കാരിൻ്റെ തൂഫാൻ പദ്ധതി മുന്നോട്ട് പോകുകയാണ്. രാജ്യം മുഴുവൻ തൂഫാൻ പദ്ധതി മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ സ്വാഗതം പറഞ്ഞ ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന തൂഫാന് ഷിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ ബിഗ് സല്യൂട്ട് ആർപ്പിച്ചു. ചടങ്ങിൽ മറ്റു ജനപ്രതിനിധികളും ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് തൂഫാൻ പദ്ധതി നടപ്പാക്കിയതിൽ അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ പൊന്നാട അണിയിച്ചു. മുൻപ് ഷിക്കാഗോ മലയാളി അസോസിയേഷന് നേതൃത്വം നൽകുകയും കഴിഞ്ഞ 10 വർഷമായി ഷിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വടംവലി മത്സരത്തിന് നേതൃത്വം നൽകുന്ന, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിലിനെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

ഷിക്കാഗോ സോഷ്യൽ ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയി കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പൂതേത്, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Elected representatives from Kerala attending the Chicago Social Club’s Onam celebrations.

More Stories from this section

family-dental
witywide