കോക്പിറ്റിൽ പൈലറ്റുമാർ ഏറ്റുമുട്ടി, കുത്തി, വിമാനം തകർക്കാനും ശ്രമം നടന്നു? ഫ്ലൈദുബായ് വിമാനത്തിന്‍റെ അടിയന്തര ലാൻഡിംഗിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. പൈലറ്റുമാരിൽ ഒരാൾ വിമാനം തകർക്കാൻ ശ്രമിച്ചതായും സഹ പൈലറ്റും വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ചേർന്ന് ഇത് തടയുകയായിരുന്നുവെന്നും മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചാനൽ 12 റിപ്പോർട്ട് ചെയ്തു. അപകടത്തിൽ ചില യാത്രക്കാരുടെ വസ്ത്രങ്ങളിൽ രക്തം പുരണ്ടതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന 180 യാത്രക്കാരും സുരക്ഷിതരാണെന്ന് ഫ്ലൈദുബായ് വക്താവ് വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്ന തരത്തിൽ വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഇസ്രയേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അതിവേഗം സജ്ജമായിരുന്നു. എന്നാൽ പിന്നീട് കോക്പിറ്റിനുള്ളിലെ അക്രമാസക്തമായ പോരാട്ടമാണ് അടിയന്തര ലാൻഡിങ്ങിന് വഴിവെച്ചതെന്ന് വ്യക്തമായി. വിമാനം തകർക്കാൻ ശ്രമിച്ച പൈലറ്റിനെ നിലവിൽ സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്. യാത്രക്കാരുടെ സഹായത്തോടെ സഹ പൈലറ്റ് നടത്തിയ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

വിമാനത്തിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും ഇസ്രയേലി പൗരന്മാരായിരുന്നു. സംഭവവികാസങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ട് വിലയിരുത്തിവരികയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. സ്ഥിതിഗതികൾ നിലവിൽ പൂർണമായും നിയന്ത്രണവിധേയമാണെന്നും തബൂക്കിൽ കഴിയുന്ന ഇസ്രയേലി യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്നും നെതന്യാഹുവിന്റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു.

Fight in Cockpit: Pilot’s Alleged Attempt to Crash Flydubai Flight Thwarted, Emergency Landing Made in Saudi Arabia

More Stories from this section

family-dental
witywide