
ന്യൂഡൽഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്ക്. ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നേപ്പാളിനായി 2,400 കോടി (24 ബില്യൺ) നേപ്പാളി രൂപയുടെ വികസന സഹകരണ പാക്കേജ് ഇന്ത്യ പ്രഖ്യാപിച്ചു. കഴിഞ്ഞ മാർച്ചിൽ അധികാരമേറ്റ ശേഷം 36-കാരനായ ബാലൻ ഷാ നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്.
ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ ബാലൻ ഷായുടെ ഭരണമികവിനെയും കാഴ്ചപ്പാടിനെയും പ്രധാനമന്ത്രി മോദി വാനോളം പ്രശംസിച്ചു. “ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഐക്യരാഷ്ട്രസഭയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ തന്നെ ആ ദീർഘവീക്ഷണം വ്യക്തമായിരുന്നു. നേപ്പാളിന്റെ ഭാവിയെക്കുറിച്ചും ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഇന്നത്തെ ചർച്ചകളിലൂടെ കൂടുതൽ വ്യക്തമായി,” മോദി പറഞ്ഞു. റാപ്പറിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ ഷായ്ക്ക് ലഭിച്ച ജനവിധി നേപ്പാളിലെ യുവതലമുറയുടെ പ്രതീക്ഷകളുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും ആത്മീയവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ‘സരയൂ-കമല എക്സ്പ്രസ്’ ട്രെയിൻ ഇരുപ്രധാനമന്ത്രിമാരും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. അയോധ്യയിലേക്ക് എത്തുന്ന ഭക്തർക്ക് സീതാദേവിയുടെ ജന്മസ്ഥലമായ ജനക്പൂർ സന്ദർശിക്കാൻ ഈ ട്രെയിൻ ഏറെ സഹായകമാകും. “നേപ്പാളില്ലാതെ നമ്മുടെ തീർത്ഥാടന കേന്ദ്രങ്ങളും ശ്രീരാമനും അപൂർണ്ണമാണ്,” എന്ന തന്റെ 2018-ലെ ജനക്പൂർ പ്രസംഗത്തിലെ വാക്കുകൾ മോദി അനുസ്മരിച്ചു.
ലുമ്പിനി, ബോധഗയ തുടങ്ങി ബുദ്ധമത-ശിവശക്തി കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രത്യേക ഇടനാഴികൾ പ്രഖ്യാപിച്ചു. ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ നേപ്പാളുമായി ബന്ധിപ്പിക്കുന്ന റോഡ്, റെയിൽ പദ്ധതികൾക്ക് വേഗത കൂട്ടാനും തീരുമാനമായി.
ഇന്ത്യ എല്ലായ്പ്പോഴും നേപ്പാളിന്റെ വിശ്വസ്ത പങ്കാളിയാണെന്നും ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും ബാലൻ ഷാ പറഞ്ഞു. ഹിമാലയൻ നദികളുടെ സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളിലെ വികസന പദ്ധതികളിൽ നിക്ഷേപം നടത്താൻ ഇന്ത്യൻ വ്യവസായികളെയും, നേപ്പാൾ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദിയെയും ഇന്ത്യൻ വിനോദസഞ്ചാരികളെയും അദ്ദേഹം ക്ഷണിച്ചു.
Prime Minister Modi announces a massive ₹2,400 crore package for Nepal and flags off the Saryu-Kamala Express















