
ലണ്ടൻ: ബ്രിട്ടീഷ് സിംഹാസനത്തിൽ ആരോഹണം ചെയ്യുമ്പോൾ രാജകുടുംബത്തിൽ സമഗ്രമായ പുനഃസംഘടനയ്ക്ക് വില്യം രാജകുമാരൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി തന്റെ അകന്നുനിൽക്കുന്ന സഹോദരൻ ഹാരി രാജകുമാരൻ, ഭാര്യ മേഗൻ മാർക്കിൾ, ഇവരുടെ മക്കളായ ആർച്ചി (7), ലിലിബെറ്റ് (5) എന്നിവരുടെ രാജകീയ പദവികൾ എടുത്തുകളയാൻ വില്യം തീരുമാനിച്ചതായാണ് സൂചന. രാജകുടുംബ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകൻ ടോം സൈക്സിന്റെ വരാനിരിക്കുന്ന ‘ദി ഡ്യൂക്ക്സ്: എഡ്വേർഡ് എട്ടാമൻ, ആൻഡ്രൂ, ആൻഡ് ഹാരി — ദി മെൻ ഹൂ അണ്ടർമൈൻഡ് ദി മോഡേൺ മൊണാർക്കി’ എന്ന പുസ്തകത്തിലാണ് ഈ നിർണ്ണായക വെളിപ്പെടുത്തലുള്ളത്.
‘ഹിസ്/ഹെർ റോയൽ ഹൈനസ്’ (HRH), പ്രിൻസ്, പ്രിൻസസ് തുടങ്ങിയ പദവികൾ ജനനത്തിലൂടെ ലഭിക്കുന്നതിന് പകരം രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകൾ വഹിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് വില്യമിന്റെ നീക്കം. പൊതുപരിപാടികൾ, നയതന്ത്ര പ്രവർത്തനങ്ങൾ തുടങ്ങിയ ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കാത്തവരെ സാധാരണ പൗരന്മാരായി മാത്രമേ കണക്കാക്കൂ. ഇവർക്ക് രാജകീയ ആനുകൂല്യങ്ങളോ അലവൻസുകളോ ലഭിക്കില്ല. സ്വതന്ത്രമായി മറ്റു തൊഴിലുകൾ ചെയ്യാൻ അനുവാദവുമുണ്ടാകും.
വില്യമിന്റെ ഇളയ മക്കളായ ഷാർലറ്റ് രാജകുമാരിക്കും (11) ലൂയിസ് രാജകുമാരനും (8) ഭാവിയിൽ രാജകീയ ചുമതലകൾ ഏറ്റെടുക്കണമോ അതോ പുറത്ത് മറ്റു കരിയറുകൾ തിരഞ്ഞെടുക്കണമോ എന്ന് സ്വയം തീരുമാനിക്കാം. എന്നാൽ മൂത്ത മകൻ ജോർജ് രാജകുമാരൻ സിംഹാസനത്തിന്റെ അടുത്ത അവകാശി എന്ന നിലയിൽ തുടരും.
അതേസമയം, പുസ്തകത്തിലെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാൻ കെൻസിംഗ്ടൺ കൊട്ടാരം വിസമ്മതിച്ചു. പുസ്തകങ്ങളിലെ അവകാശവാദങ്ങളോട് പ്രതികരിക്കാറില്ലെന്നാണ് കൊട്ടാരം വക്താവ് വ്യക്തമാക്കിയത്. ഹാരിയുടെയും മേഗന്റെയും പ്രതിനിധികളും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. നേരത്തെ ആപ്പിൾ ടിവി പ്ലസിന്റെ ‘ദി റിലക്റ്റന്റ് ട്രാവലർ’ എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ “മാറ്റങ്ങൾ തന്റെ അജണ്ടയിലുണ്ടെന്നും” ആധുനിക സമൂഹത്തിന് പ്രസക്തമല്ലാത്ത ചില രാജകീയ രീതികൾ മാറേണ്ടതുണ്ടെന്നും വില്യം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
2020-ൽ രാജകീയ ചുമതലകൾ ഒഴിഞ്ഞ് അമേരിക്കയിലേക്ക് താമസം മാറിയ ഹാരിയും മേഗനും, രാജകുടുംബത്തിനെതിരെ നടത്തിയ പരസ്യ പ്രസ്താവനകളെത്തുടർന്ന് വില്യമുമായും കേറ്റ് മിഡിൽടണുമായും കടുത്ത അകൽച്ചയിലാണ്.
Prince William prepares for a major overhaul of the monarchy; royal titles of Harry, Meghan, and their children may be stripped away.















