‘പറ്റില്ലെങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ട’, ദീപാവലി സീസണിലെ വിമാന നിരക്ക് വർധനയിൽ അടിയന്തര ഇടപെടലില്ല: സുപ്രീം കോടതി

ദീപാവലി സീസണിൽ വിമാന ടിക്കറ്റ് നിരക്ക് 700 ശതമാനം വരെ ഉയർന്നതിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഉത്സവ സീസണുകളിലെ കടുത്ത നിരക്ക് വർധന ചൂണ്ടിക്കാട്ടിയ ഹർജിക്കാരനോട് ‘എങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ട’ എന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചു. ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് അപരേശ് സിങ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

ഉത്സവ സീസണുകളിലെ കഴുത്തറപ്പൻ വിമാന നിരക്കുകൾ നിയന്ത്രിക്കണമെന്നും ടിക്കറ്റ് നിരക്കിന് ഉയർന്ന പരിധി നിശ്ചയിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് എസ്. ലക്ഷ്മിനാരായണനാണ് പൊതുതാൽപ്പര്യ ഹർജി നൽകിയത്. ദീപാവലി സമയത്ത് നിരക്കുകൾ 700 ശതമാനം വരെ വർധിച്ചതായി ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ അഭിനവ് ചൂണ്ടിക്കാട്ടി. വിമാനയാത്ര ഒരു അവശ്യ സേവനമാണെന്നും ഇത്തരത്തിലുള്ള നിരക്ക് വർധന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചെങ്കിലും ബെഞ്ച് അടിയന്തരമായി ഇടപെടാൻ തയ്യാറായില്ല.

ഉത്സവ സമയങ്ങളിൽ വിമാനക്കമ്പനികൾ യാത്രക്കാരെ ക്രൂരമായി ചൂഷണം ചെയ്യുകയാണെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. ഡൽഹി-കൊൽക്കത്ത റൂട്ടിൽ സാധാരണ പതിനായിരം രൂപയുള്ള ടിക്കറ്റിന് നവംബർ ആറിന് 78,694 രൂപ വരെയാണ് ഈടാക്കുന്നത്. ബെംഗളൂരു-ഡൽഹി, ഡൽഹി-മുംബൈ റൂട്ടുകളിലും സമാനമായ രീതിയിൽ നിരക്കുകൾ കുതിച്ചുയർന്നു. ഇന്ധനവിലയുടെ പേര് പറഞ്ഞാണ് ഈ വർധനയെങ്കിലും ഒരേ റൂട്ടിൽ ഒരേ ദിവസം സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് വളരെ വ്യത്യസ്തമായ നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

ടിക്കറ്റ് നിരക്കിന് പുറമേ, ഇക്കോണമി ക്ലാസിലെ സൗജന്യ ലഗേജ് അലവൻസ് 25 കിലോയിൽ നിന്ന് 15 കിലോയായി വെട്ടിക്കുറച്ചതും യാത്രക്കാർക്ക് തിരിച്ചടിയാണ്. ദീപാവലിക്ക് ട്രെയിൻ ടിക്കറ്റുകൾ മുൻകൂട്ടി തീരുന്നതിനാൽ നാട്ടിലേക്ക് പോകാൻ വിമാനയാത്രയെ ആശ്രയിക്കുന്നവരെയാണ് കമ്പനികൾ പിഴിയുന്നത്. എയർക്രാഫ്റ്റ് നിയമത്തിലെ റൂൾ 135 പ്രകാരം ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ അധികൃതർക്ക് അധികാരമുണ്ടെങ്കിലും സർക്കാരിന്റെ മൗനം ഈ കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും ഹർജിയിൽ വിമർശനമുണ്ട്. കേസ് മുൻ നിശ്ചയിച്ച പ്രകാരം നവംബർ 16-ന് വീണ്ടും പരിഗണിക്കും.

More Stories from this section

family-dental
witywide