
ഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർദിഷ്ട വ്യാപാര കരാറിന്റെ ഒന്നാംഘട്ടത്തിന് അന്തിമരൂപമായതായി കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. ഡൽഹിയിൽ നടന്ന എസ്.ആർ.സി.സി. സെന്റനറി കോൺക്ലേവിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കരാറിന്റെ നിയമപരമായ കരട് തയ്യാറാക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അനുകൂലമായ സാഹചര്യവും മത്സരക്ഷമതയും ലഭിച്ചാലുടൻ കരാർ നടപ്പിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ കൃത്യമായ ദിശയിലാണ് മുന്നേറുന്നതെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാളും മാധ്യമങ്ങളോട് വ്യക്തമാക്കി. എത്രയുംവേഗം ചർച്ചകൾ പൂർത്തിയാക്കി കരാറിൽ ഒപ്പുവെക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. നിലവിൽ യു.എസിലെ താരിഫ് ഘടന ഔദ്യോഗികമായി നിലവിൽവന്നശേഷം മാത്രമേ കരാറിൽ അന്തിമമായി ഒപ്പുവെക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം അമേരിക്ക ഇന്ത്യയ്ക്കുമേൽ താരിഫുകൾ ചുമത്തിയതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ചില ഉരസലുകൾ ഉണ്ടായിരുന്നു. ഈ തർക്കങ്ങൾ പരിഹരിക്കാനും ഉഭയകക്ഷി വ്യാപാരം കൂടുതൽ ശക്തിപ്പെടുത്താനുമുള്ള ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ആരംഭം മുതലാണ് ഇന്ത്യയും യു.എസും ചർച്ചകൾ സജീവമാക്കിയത്. താരിഫ് ഘടന പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ യു.എസിൽ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, അനുയോജ്യമായ സമയത്ത് കരാർ ഒപ്പിടുന്ന നടപടികളിലേക്ക് കടക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം.
First Phase of India-US Trade Agreement Finalized; Legal Drafting Underway, Says Piyush Goyal















