
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ഇന്ത്യ രംഗത്ത്. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിവെക്കില്ലെന്നും 140 കോടി ജനങ്ങൾക്ക് ഊർജ്ജ സുരക്ഷ ഉറപ്പാക്കുകയാണ് രാജ്യത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയിലെ പ്രസംഗത്തിനായി അടുത്തയാഴ്ച ന്യൂയോർക്കിലെത്തുന്ന വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അമേരിക്കൻ അധികൃതരുമായി നടത്തുന്ന ചർച്ചകളിൽ ഇന്ത്യയുടെ കടുത്ത വിയോജിപ്പ് ഔദ്യോഗികമായി അറിയിക്കും.
അമേരിക്കൻ നീക്കത്തെ പരസ്യമായി തള്ളിക്കളഞ്ഞ യു.എസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര, വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയെന്ന നിലയിൽ ജനങ്ങളുടെ ഊർജ്ജ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ആളോഹരി ഊർജ്ജ ഉപഭോഗം അമേരിക്കയിലുള്ളതിന്റെ പത്തിലൊന്ന് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ നിലപാടിനോട് യോജിച്ച ചൈനയും അമേരിക്കൻ നിർദ്ദേശത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. എവിടെനിന്ന് എണ്ണ വാങ്ങണമെന്ന് മറ്റു രാജ്യങ്ങൾ നിർദ്ദേശിക്കേണ്ടതില്ലെന്നും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ദേശീയ മുൻഗണനകളുടെ അടിസ്ഥാനത്തിലാണെന്നും ചൈന വ്യക്തമാക്കി.
കഴിഞ്ഞ മാസം ഇന്ത്യ ഇറക്കുമതി ചെയ്ത ആകെ ക്രൂഡ് ഓയിലിന്റെ 51 ശതമാനവും റഷ്യയിൽ നിന്നായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏകദേശം 70,000 കോടിയോളം രൂപയാണ് ഇതിനായി ഇന്ത്യ റഷ്യക്ക് നൽകിയത്. ട്രംപിന് തീരുവ ചുമത്താൻ അധികാരം നൽകുന്ന ബില്ലിനോട് സാധാരണയിൽ കവിഞ്ഞ ശക്തമായ പ്രതികരണമാണ് ഇന്ത്യ നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യൻ സന്ദർശന വേളയിലും ഈ വിഷയം ഇന്ത്യ ഉന്നയിക്കും.
US 100% Tariff Threat: India and China Strongly Oppose US Move; New Delhi Firm on Continuing Russian Oil Imports










