
ജിജി റ്റോം, FOKANA PRO.
ന്യൂയോർക്ക്: സാമൂഹിക ഐക്യത്തെ ബലപ്പെടുത്തുന്നതിനാണ് ഫൊക്കാനാ ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻ്റ് ഫിലിപ്പോസ് ഫിലിപ്പ് പ്രസ്താവിച്ചു. പാഴ് വാക്കുകൾ ഒഴിവാക്കുന്നതിൻ്റെയും ബന്ധങ്ങൾ ബലപ്പെടുത്തുന്നതിൻ്റെയും വസന്തകാലം പൂർവാധിക ശോഭയോടെ ഫൊക്കാനയിൽ ആരംഭിച്ചു കഴിഞ്ഞു. 2026 മുതലുള്ള രണ്ടു വർഷങ്ങളിൽ ഈ തത്വത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കാണ് വേദിയൊരുക്കുക എന്ന് ഫൊക്കാന പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പ് പ്രവർത്തങ്ങളുടെ ഉദ്ഘാടനദീപം തെളിച്ചു കൊണ്ട് പറഞ്ഞു. 42 ഇന കർമ്മപദ്ധതിയുമായി വർഷം മുഴുവൻ സജീവമായി പ്രവർത്തിക്കുന്ന സംഘടനയായി ഫൊക്കാനയെ മാറ്റുമെന്നും പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
ന്യൂയോർക്കിലെ റോക്ക്ലാൻഡ് കൗണ്ടിയിലെ ക്നാനായ സെന്ററിൽ വെച്ചാണ് പ്രൗഢഗംഭീരമായ പ്രവർത്തനോദ്ഘാടനം നടന്നത്. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഫൊക്കാന നേതാക്കളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചടങ്ങിൽ പങ്കെടുത്തു.

ചെണ്ടമേളത്തിൽ ഗിന്നസ് റെക്കോർഡ് നേടിയ ചെണ്ടവിദ്വാൻ ജോയ്സ് വെട്ടത്തിന്റെ നേതൃത്വത്തിൽ മുപ്പതിലധികം ഗിന്നസ് കലാകാരന്മാരുടെ ചെണ്ടമേളത്തോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്.
മേരിക്കുട്ടി മൈക്കിളിന്റെ പ്രാർത്ഥനാഗാനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. അമേരിക്കൻ ദേശീയ ഗാനത്തെ തുടർന്ന് ഇന്ത്യൻ ദേശീയ ഗാനം ജെസ്സി ആന്റോ ആലപിച്ചു. ഫാ. ഗീവർഗീസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പ, റവ. ബ്രിജിത് ജോൺ കോശി, ഫാ. ഷിബു ഡാനിയേൽ, ഫാ. മാത്യു തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ഫാ. ഡോ. രാജു വർഗീസ് പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് നിലവിളക്ക് കൊളുത്തി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് നായരും ട്രഷറർ ആന്റോ വർക്കിയും തുടർന്ന് ഫാ. ഗീവർഗീസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പ, സജിമോൻ ആന്റണി, ഡോ. ആനീ പോൾ, ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡൻ്റ് രാജൂ പള്ളത്ത്, പോൾ കറുകപ്പള്ളിൽ, എന്നിവരും തിരിനാളം തെളിച്ചു.
കൺവെൻഷനെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ ഒതുങ്ങാതെ വർഷം മുഴുവൻ സജീവമായി പ്രവർത്തിക്കുന്ന സംഘടനയായി ഫൊക്കാനയെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് വ്യക്തമാക്കി. ഇതിനായി പതിനഞ്ചിലധികം കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച പ്രകടനപത്രികയിലെ പദ്ധതികൾ നടപ്പാക്കുന്നതിനായി ഓരോ കമ്മിറ്റിക്കും വ്യക്തമായ ഉത്തരവാദിത്വങ്ങളും പ്രവർത്തനലക്ഷ്യങ്ങളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ ബിൽ വെബ്ബർ, മുൻ പ്രസിഡന്റ് സജിമോൻ ആന്റണി, റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ, മുൻ ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തൻ, ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് രാജു പള്ളത്ത്, മുൻ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, മുൻ ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവരും പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നു.
FOKANA leaders are energized with renewed enthusiasm. A grand and impressive launch marked the commencement of their activities, with President Philipose Philip lighting the ceremonial lamp.














