വിമാന സർവീസുകൾ മുടങ്ങിയ സംഭവം: 50 ബില്യൺ ഡോളർ ആവശ്യപ്പെട്ട് ട്രംപ്; മുൻപ് നൽകിയ പണമെവിടെയെന്ന് ഡെമോക്രാറ്റുകൾ

വാഷിംഗ്ടൺ: സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കയിലുടനീളം വിമാന സർവീസുകൾ തടസ്സപ്പെട്ട സംഭവത്തിന് പിന്നാലെ, എയർ ട്രാഫിക് കൺട്രോൾ സംവിധാനം നവീകരിക്കാനായി 50 ബില്യൺ ഡോളർ അനുവദിക്കണമെന്ന ആവശ്യവുമായി ട്രംപ് ഭരണകൂടം രംഗത്തെത്തി. എന്നാൽ, മുൻപ് അനുവദിച്ച കോടിക്കണക്കിന് ഡോളർ എങ്ങനെ ചെലവഴിച്ചുവെന്നതിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ രംഗത്തെത്തിയതോടെ വിഷയം വലിയ രാഷ്ട്രീയ തർക്കത്തിലേക്ക് നീങ്ങുകയാണ്.

വെള്ളിയാഴ്ച രാജ്യവ്യാപകമായി ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് ഗതാഗത സെക്രട്ടറി ഷോൺ ഡഫി ഞായറാഴ്ച വിശദീകരണം നൽകി. അർക്കൻസാസിലെ എൽ ഡൊറാഡോയിൽ പഴയ ചെമ്പ് വയറുകൾ മാറ്റി പുതിയ ഫൈബർ വയറുകൾ സ്ഥാപിച്ച് റൂട്ടർ ഓൺ ചെയ്തപ്പോൾ സംവിധാനത്തിലുണ്ടായ അമിതഭാരമാണ് പ്രതിസന്ധിക്ക് കാരണമായത്.

ഇതിന് പിന്നാലെ ടെക്സസിലെ അമറില്ലോയിലുള്ള കേന്ദ്രത്തിലും തകരാർ സംഭവിച്ചു. ഓരോ 4-5 സെക്കൻഡിലും 1,000 കണക്ഷൻ ശ്രമങ്ങൾ എന്ന നിലയിൽ അമിതമായ ഡാറ്റ പ്രവഹിച്ചതോടെ വിമാനങ്ങളുമായുള്ള ആശയവിനിമയവും റഡാർ സംവിധാനങ്ങളും താളംതെറ്റി. തുടർന്ന് ഈ രണ്ട് കേന്ദ്രങ്ങളും നെറ്റ്‌വർക്കിൽ നിന്ന് താൽക്കാലികമായി വിച്ഛേദിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) അറിയിച്ചു. സംഭവത്തിന് പിന്നിൽ സൈബർ ആക്രമണമില്ലെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.

50 വർഷത്തോളം പഴക്കമുള്ള നിലവിലെ സംവിധാനം പൂർണ്ണമായും ഉടച്ചുവാർക്കാൻ 50 ബില്യൺ ഡോളർ വേണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം. പണം ലഭിച്ചാൽ എടി ആൻഡ് ടി, വെറൈസൺ തുടങ്ങിയ കമ്പനികൾ ഉടൻ തന്നെ പുതിയ സംവിധാനം ഒരുക്കാൻ തയ്യാറാണെന്ന് ഡഫി പറഞ്ഞു. എന്നാൽ, കഴിഞ്ഞ വർഷം അനുവദിച്ച 12.5 ബില്യൺ ഡോളറിൽ ഭൂരിഭാഗവും ചെലവഴിക്കാതെ കിടക്കുമ്പോൾ എന്തിനാണ് വീണ്ടും ഭീമമായ തുക ആവശ്യപ്പെടുന്നതെന്ന് ഹൗസ് ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങളായ റിക്ക് ലാർസൺ, ആൻഡ്രേ കാഴ്സൺ എന്നിവർ ചോദിച്ചു.

അതേസമയം, മുൻപ് അനുവദിച്ച ഫണ്ട് 2028-ഓടെ പൂർണ്ണമായും ചെലവഴിക്കുമെന്നും, ടെലികമ്മ്യൂണിക്കേഷൻ അടിസ്ഥാന സൗകര്യങ്ങൾക്കായി ആ പണം ഉപയോഗിക്കാൻ കോൺഗ്രസിന്റെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാലാണ് പുതിയ ഫണ്ട് തേടുന്നതെന്നുമാണ് ഭരണകൂടത്തിന്റെ വിശദീകരണം. ജനുവരിയിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ഈ വിഷയത്തിൽ ഭരണകൂടത്തിനെതിരെ അന്വേഷണം കടുപ്പിക്കാനാണ് സാധ്യത.

വിമാന സർവീസുകൾ മുടങ്ങി രണ്ട് ദിവസത്തിന് ശേഷം ഞായറാഴ്ചയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ വഴി പ്രതികരിച്ചത്. മുൻ ഭരണകൂടത്തെ കുറ്റപ്പെടുത്തിയ അദ്ദേഹം, വ്യോമയാന സുരക്ഷാ നവീകരണം “അല്പാല്പമായി” ചെയ്യേണ്ട ഒന്നല്ലെന്നും ലോകത്തിലെ ഏറ്റവും മികച്ച സംവിധാനം നിർമ്മിക്കാൻ കോൺഗ്രസ് അടിയന്തരമായി പണം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തിങ്കളാഴ്ചയോടെ വിമാന സർവീസുകൾ പൂർണ്ണതോതിൽ സാധാരണ നിലയിലാകുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

Disruption of flight services: Trump demands $50 billion; Democrats ask where the previously provided funds went.

More Stories from this section

family-dental
witywide