
വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കർശനമായ കുടിയേറ്റ നടപടികളും വിസ നിയന്ത്രണങ്ങളും അമേരിക്കൻ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. വിസ പരിശോധനയിലെ കാർക്കശ്യവും അപ്പോയിന്റ്മെന്റ് ലഭിക്കുന്നതിലെ കാലതാമസവും കാരണം ഈ അധ്യയന വർഷം അമേരിക്കൻ സർവ്വകലാശാലകളിൽ പ്രവേശനം നേടുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഠനശേഷമുള്ള തൊഴിൽ സാധ്യതകളിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികൾ മറ്റ് രാജ്യങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതായും ‘പൊളിറ്റിക്കോ’ റിപ്പോർട്ട് ചെയ്യുന്നു.
വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിന്റെ സിയാറ്റിൽ ക്യാമ്പസിൽ തുടർച്ചയായ രണ്ടാം വർഷവും വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ 13 ശതമാനത്തോളം ഇടിവുണ്ടായപ്പോൾ, ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കരുതൽ ഫണ്ടിൽ നിന്ന് 200 മില്യൺ ഡോളർ വരെ കടമെടുക്കാൻ തീരുമാനിച്ചു.
മുഴുവൻ ട്യൂഷൻ ഫീസും നൽകി പഠിക്കുന്ന വിദേശ വിദ്യാർത്ഥികളാണ് അമേരിക്കൻ സർവ്വകലാശാലകളുടെ പ്രധാന വരുമാന സ്രോതസ്സ്. ഈ വരുമാനമാണ് തദ്ദേശീയരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും മറ്റ് സേവനങ്ങളും നൽകാൻ കോളേജുകളെ സഹായിക്കുന്നത്. ദേശീയതയുടെ പേരിൽ വിദേശ വിദ്യാർത്ഥികളെ അകറ്റുന്നത് രാജ്യത്തെ സാമ്പത്തികമായും സാംസ്കാരികമായും തളർത്തുമെന്നും, ഇത് സ്വന്തം കാലിൽ തന്നെ വെടിവയ്ക്കുന്നതിന് തുല്യമാണെന്നും വെസ്ലിയൻ യൂണിവേഴ്സിറ്റി പ്രസിഡന്റ് മൈക്കൽ റോത്ത് മുന്നറിയിപ്പ് നൽകി.
ഈ വേനൽക്കാലത്തെ വിസ അപ്പോയിന്റ്മെന്റ് പ്രതിസന്ധി കോവിഡ് മഹാമാരിയുടെ കാലത്തേക്കാൾ രൂക്ഷമായിരുന്നുവെന്ന് അന്താരാഷ്ട്ര വിദ്യാഭ്യാസ സംഘടനയായ ‘നാഫ്സ’ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാന്റ ഓ വ്യക്തമാക്കി. അമേരിക്കയിലെ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ യൂറോപ്പിലെ 50 ശതമാനം കോളേജുകളിലും ഏഷ്യയിലെ 59 ശതമാനം സ്ഥാപനങ്ങളിലും വിദേശ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതായി നാഫ്സയും സ്റ്റഡി പോർട്ടൽസും നടത്തിയ സർവ്വേയിൽ പറയുന്നു.
ഇതിനുപുറമെ, പഠനശേഷം വിദേശ വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ താൽക്കാലിക തൊഴിൽ പരിചയം നേടാൻ അനുവദിക്കുന്ന ‘ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ്’ പ്രോഗ്രാമിന് അപേക്ഷിക്കുന്ന ഓരോ വിദ്യാർത്ഥിക്കും 70,000 ഡോളർ ഫീസ് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ H-1B വിസ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളറിലധികം ഫീസ് ഈടാക്കാനും നീക്കമുണ്ട്. എന്നാൽ, വിസ തട്ടിപ്പുകൾ തടയാനും കുടിയേറ്റ നിയമങ്ങൾ കർശനമായി നടപ്പാക്കാനുമാണ് ഈ നടപടികളെന്നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ വിശദീകരണം.
Trump’s immigration policy backfires; sharp decline in the number of foreign students at US universities.















