
വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം കൂടുതൽ ശക്തമാക്കി അമേരിക്ക. യുഎസ് നാവികസേനയുടെ പ്രമുഖ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റ് ഞായറാഴ്ച മേഖലയിലെത്തിയതോടെ പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുള്ള അമേരിക്കൻ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പുകളുടെ എണ്ണം മൂന്നായി ഉയർന്നു.
ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ആക്സിയോസ്’ റിപ്പോർട്ടർ ബരാക് റാവിദാണ് എക്സിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. യുഎസ് സെൻട്രൽ കമാൻഡിന് കീഴിലുള്ള മേഖലയിലാണ് റൂസ്‌വെൽറ്റ് എത്തിച്ചേർന്നിരിക്കുന്നത്. നിലവിൽ മേഖലയിലുള്ള യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ്, യുഎസ്എസ് ജോർജ് വാഷിംഗ്ടൺ എന്നിവയ്ക്കൊപ്പമാണ് റൂസ്‌വെൽറ്റും ചേർന്നിരിക്കുന്നത്. എന്നാൽ കപ്പലിന്റെ വിന്യാസവുമായി ബന്ധപ്പെട്ട സമയക്രമം പെന്റഗണോ സെൻട്രൽ കമാൻഡോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നവംബർ എട്ടിന് സിംഗപ്പൂരിൽ നിന്ന് യാത്ര തിരിച്ച റൂസ്‌വെൽറ്റ്, മലാക്ക കടലിടുക്ക് വഴിയാണ് പശ്ചിമേഷ്യയിലെത്തിയതെന്ന് യുഎസ് സൈനിക പത്രമായ ‘സ്റ്റാർസ് ആൻഡ് സ്ട്രൈപ്സ്’ റിപ്പോർട്ട് ചെയ്യുന്നു. കാരിയർ എയർ വിംഗ് 11, ക്രൂയിസർ കപ്പലായ യുഎസ്എസ് ചോസിൻ, രണ്ട് ഡിസ്ട്രോയർ കപ്പലുകളായ യുഎസ്എസ് പോൾ ഹാമിൽട്ടൺ, യുഎസ്എസ് ഡെക്കാറ്റൂർ എന്നിവയടങ്ങുന്ന സ്ട്രൈക്ക് ഗ്രൂപ്പിൽ അയ്യായിരത്തിലധികം സൈനികരാണുള്ളത്.
ബഹ്‌റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന് ഇറാൻ വാരാന്ത്യത്തിൽ അവകാശപ്പെട്ടതിന് പിന്നാലെയാണ് പുതിയ നീക്കം. ബഹ്‌റൈനിലെ യുഎസ് റഡാർ സംവിധാനം ലക്ഷ്യമിട്ടതായി വെള്ളിയാഴ്ചയും ടെഹ്‌റാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ വാദം തള്ളിയ യുഎസ് സൈന്യം, ബഹ്‌റൈനിലേക്ക് എത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി വ്യക്തമാക്കി.
അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും വഷളായിരിക്കുകയാണ്. ഇറാനുമായി ഇനി ഒരു കരാറിന്റെ ആവശ്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനോട് ആഭ്യന്തര കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ട്രംപ് നിർദ്ദേശിച്ചിട്ടുണ്ട്.
US strengthens military deployment in West Asia; third aircraft carrier arrives in the region, issues warning to Iran.















