ഫോമാ സണ്‍ഷൈന്‍ റീജിയന്‍ രണ്ട് റീജിയനുകളായി വിഭജിച്ചു; ഇനി പ്രവര്‍ത്തനങ്ങളിൽ കൂടുതല്‍ ജനപങ്കാളിത്തം

പ്രവര്‍ത്തനങ്ങളിൽ കൂടുതല്‍ ജനപങ്കാളിത്തത്തിനായി ഫോമാ സണ്‍ഷൈന്‍ റീജിയന്‍ രണ്ട് റീജിയനുകളായി വിഭജിക്കുന്നുവെന്ന് ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ഫോമാ ജനറല്‍ ബോഡി യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെയും തുടര്‍ന്ന് നാഷണല്‍ കൗണ്‍സില്‍ നടത്തിയ ചര്‍ച്ചകളുടെയും ബന്ധപ്പെട്ട പ്രതിനിധികളുമായി നടത്തിയ കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനം.

സണ്‍ഷൈന്‍ റീജിയന്‍ , സൗത്ത് ഫ്‌ളോറിഡ റീജിയന്‍ എന്നിങ്ങനെയാണ് ഫോമാ സണ്‍ഷൈന്‍ റീജിയനെ രണ്ട് റീജിയനുകളായി വിഭജിക്കുന്നത്. സണ്‍ഷൈന്‍ റീജിയനിൽ ബാബു തോമസ് (ആര്‍.വി.പി), സന്തോഷ് (നാഷണല്‍ കൗണ്‍സില്‍ അംഗം), ജിനോ (നാഷണല്‍ കൗണ്‍സില്‍ അംഗം) എന്നിവരും സൗത്ത് ഫ്‌ളോറിഡ റീജിയനിൽ സുശീല്‍ (ആര്‍.വി.പി), മോള്‍ മാത്യു (നാഷണല്‍ കൗണ്‍സില്‍ അംഗം), വിപിന്‍ വിൻസന്റ് ( നാഷണല്‍ കൗണ്‍സില്‍ അംഗം) എന്നിവർ നേതൃത്വം നൽകും.

ജനറല്‍ ബോഡിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും തീരുമാനത്തിനും അനുസൃതമായാണ് ഈ പുനഃസംഘടന നടപ്പാക്കുന്നത്. കൂടുതല്‍ ശക്തവും ഭൂമിശാസ്ത്രപരവുമായ പ്രാതിനിധ്യം ഉറപ്പാക്കുക, അംഗങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, ഫോമായുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് സജീവമായി ഇടപെടുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ഈ പുനഃസംഘടനയുടെ സുപ്രധാന ലക്ഷ്യങ്ങള്‍.

ഈ അധികാര-പ്രാദേശിക പുനഃക്രമീകരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ സഹകരിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്ന എല്ലാ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും ഫോമാ അംഗങ്ങള്‍ക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നേല്‍ നന്ദി രേഖപ്പെടുത്തി.

അതേസമയം, 2025 ഒക്ടോബര്‍ 25-ന് ചേര്‍ന്ന ഫോമാ ജനറല്‍ ബോഡി യോഗത്തില്‍, അംഗങ്ങളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പ്രാദേശിക പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതിനും ഫോമായുടെ പ്രവര്‍ത്തനങ്ങളിലും വിവിധ ഇടപെടലുകളിലും കൂടുതല്‍ സജീവമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി, ചില ഫോമാ റീജിയനുകളെ ഭൂമിശാസ്ത്രപരമായി വിഭജിക്കുന്നതിനുള്ള ഭേദഗതികള്‍ അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി വെസ്റ്റേണ്‍ റീജിയന്‍, സതേണ്‍ റീജിയന്‍, സണ്‍ഷൈന്‍ റീജിയന്‍, എംപയര്‍ റീജിയന്‍ എന്നീ റീജിയനുകള്‍ വിഭജിക്കപ്പെട്ടത്.

തിരഞ്ഞെടുപ്പിന് മുമ്പുതന്നെ വെസ്റ്റേണ്‍ റീജിയനെ മൂന്ന് റീജിയനുകളായി വിഭജിക്കുകയും സണ്‍ഷൈന്‍ റീജിയനെ രണ്ട് റീജിയനുകളായി വിഭജിക്കുന്നതിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. ഫോമാ 2026-ലെ അധികാര കൈമാറ്റ നടപടികളുടെ ഭാഗമായി, ജനറല്‍ ബോഡി അംഗീകരിച്ച ഈ വിഭജനങ്ങള്‍ സണ്‍ഷൈന്‍ റീജിയനും എംപയര്‍ റീജിയനും 2026 ഒക്ടോബര്‍ 17-ന് നടക്കുന്ന അധികാര കൈമാറ്റ ചടങ്ങിന് മുമ്പായി പൂര്‍ത്തിയാക്കണമെന്നും നാഷണല്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.

സണ്‍ഷൈന്‍ റീജിയന്റെ വിഭജനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിനായി 2026 സെപ്റ്റംബര്‍ 7-ന് നാഷണല്‍ കൗണ്‍സില്‍ യോഗം ചേരുകയും സണ്‍ഷൈന്‍ റീജിയന്‍ വിഭജിച്ച് രൂപീകരിക്കാനുദ്ദേശിക്കുന്ന പുതിയ റീജിയന്റെ ആര്‍.വി.പിയെയും പ്രതിനിധികളെയും നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളെ സംബന്ധിച്ചുമുള്ള പട്ടിക അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍, നിര്‍ദേശിക്കപ്പെട്ട പുതിയ നാഷണല്‍ കൗണ്‍സില്‍ പ്രതിനിധികളെയും ആര്‍.വി.പിയെയും സംബന്ധിച്ച് നേരത്തെ തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നില്ലെന്ന് ചില നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കി.

ചര്‍ച്ചയ്ക്കിടെ സണ്‍ഷൈന്‍ റീജിയനില്‍ തിരഞ്ഞെടുപ്പ് നടത്താവുന്നതാണെന്ന് ഫോമാ പ്രസിഡന്റ് നാഷണല്‍ കൗണ്‍സിലിനെ അറിയിച്ചു. അതേസമയം, നിലവിലുള്ള സണ്‍ഷൈന്‍ റീജിയന്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളെയും പ്രാദേശിക പ്രതിനിധികളെയും ആദ്യം ബന്ധപ്പെടുകയും, തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുകയും വേണമെന്ന് ഫോമായുടെ നിയുക്ത പ്രസിഡന്റ് ബിജു തോണിക്കടവിലും മെട്രോ ആര്‍.വി.പി ജോഷ്വ മാത്യുവും നിര്‍ദേശിച്ചു. അന്തിമ തീരുമാനമെടുക്കും മുമ്പ് തിരഞ്ഞെടുപ്പ് കൂടാതെ തന്നെ അഭിപ്രായ സമന്വയം ഉണ്ടാക്കണമെന്ന് സണ്‍ഷൈന്‍ റീജിയന്‍ ആര്‍.വി.പിജോമോന്‍ ആന്റണിയും വ്യക്തമാക്കി.

2026 സെപ്റ്റംബര്‍ 9-ാം തീയതി ബുധനാഴ്ച നടന്ന തുടര്‍ യോഗത്തില്‍, നിര്‍ദേശിക്കപ്പെട്ട പ്രാദേശിക വിഭജനവും നേതൃത്വ ഘടനയും സംബന്ധിച്ച് നിലവിലുള്ള നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളെയും ആര്‍.വി.പിമാരെയും ബന്ധപ്പെടണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഫോമാ സണ്‍ഷൈന്‍ റീജിയന്‍ രണ്ട് റീജിയനുകളായി വിഭജിക്കുന്നത്.

FOMAA President Baby Manakkunnel announced that the FOMAA Sunshine Region is being split into two regions to ensure greater public participation in its activities.

More Stories from this section

family-dental
witywide