
അമേരിക്കയിലെ ഫ്ലോറിഡയിൽ വാക്കർ കുടുങ്ങി റെയിൽവേ ട്രാക്കിൽ വീണ 86 വയസ്സുകാരനെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥൻ. ബൊക്ക റാറ്റൺ പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായ ഷോൺ ലൈമനാണ് സമയോചിതമായി ഇടപെട്ട് വയോധികന്റെ ജീവൻ രക്ഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയിൽ പതിഞ്ഞിരുന്നു. പിന്നീട് പൊലീസ് വകുപ്പ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ദന്തഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹോവാർഡ് ബെർമൻ എന്ന വയോധികനാണ് അപകടത്തിൽപ്പെട്ടത്. പാല്മെറ്റോ പാർക്ക് റോഡിനും നോർത്ത് ഡിക്സി ഹൈവേക്കും സമീപമുള്ള റെയിൽവേ ക്രോസിങ് കടക്കുന്നതിനിടെ വാക്കറിന്റെ ഒരു ചക്രം ട്രാക്കിൽ കുടുങ്ങുകയായിരുന്നു. ഇതോടെ ബാലൻസ് നഷ്ടപ്പെട്ട് അദ്ദേഹം ട്രാക്കിലേക്ക് വീണു. സ്വയം എഴുന്നേൽക്കാൻ കഴിയാതെ കിടക്കുന്നതിനിടെയാണ് സമീപത്തുകൂടി പട്രോളിങ് നടത്തുകയായിരുന്ന ലൈമന്റെ ശ്രദ്ധയിൽ സംഭവംപ്പെട്ടത്. ഉടൻ വാഹനത്തിൽനിന്നിറങ്ങിയ ഉദ്യോഗസ്ഥൻ ഓടിയെത്തി ബെർമനെ ട്രാക്കിൽനിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
തുടർന്ന് ഉദ്യോഗസ്ഥൻ ആംബുലൻസ് വിഭാഗത്തെ വിവരമറിയിച്ചു. വീഴ്ചയിൽ മുറിവുകളും ചതവുകളും സംഭവിച്ച ബെർമന് ആരോഗ്യപ്രവർത്തകർ പ്രാഥമിക ചികിത്സ നൽകി. പിന്നീട് സ്ഥലത്തെത്തിയ വാൽഡസ് എന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു. നവംബർ 17-നാണ് ബൊക്ക റാറ്റൺ പൊലീസ് ഡിപ്പാർട്ട്മെന്റ് രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പങ്കുവച്ചത്. നിയമം നടപ്പാക്കുന്നതിനപ്പുറം അടിയന്തരഘട്ടങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതും പൊലീസ് സേവനത്തിന്റെ ഭാഗമാണെന്ന് വകുപ്പ് കുറിച്ചു.
റെയിൽവേ അപകടത്തിൽ 1910-ൽ തന്റെ മുത്തച്ഛൻ മരിച്ച സംഭവം ട്രാക്കിൽ കിടന്നപ്പോൾ ഓർമയിലെത്തിയെന്ന് ബെർമൻ പറഞ്ഞു. കൃത്യസമയത്ത് പൊലീസുകാരൻ എത്തിയതിൽ നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിരമിച്ച ന്യൂയോർക്ക് അഭിഭാഷകനായ ബെർമൻ വർഷങ്ങളായി യോങ്കേഴ്സ് പൊലീസ് അത്ലറ്റിക് ലീഗിന്റെ പ്രവർത്തനങ്ങളിലും പങ്കാളിയാണ്. 21 വർഷമായി പൊലീസ് സേനയിൽ സേവനമനുഷ്ഠിക്കുന്ന ലൈമനെ വീണ്ടും കാണണമെന്നും നന്ദിസൂചകമായി അദ്ദേഹത്തിന് ഉച്ചഭക്ഷണം നൽകണമെന്നുമാണ് ബെർമന്റെ ആഗ്രഹം.















