
മെക്സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് കടത്ത് സംഘമായ പഴയ സിനലോവ കാർട്ടലിന്റെ പ്രധാന വിഭാഗങ്ങളിലൊന്നിന്റെ തലവൻ ഫൗസ്റ്റോ ഇസിഡ്രോ മെസ ഫ്ലോറസ് അറസ്റ്റിൽ. ‘എൽ ചാപോ ഇസിഡ്രോ’ എന്നറിയപ്പെടുന്ന ഇയാളെ വെള്ളിയാഴ്ച സൈന്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പിടികൂടിയതെന്ന് സ്പാനിഷ് മാധ്യമമായ എൽ പായിസ് റിപ്പോർട്ട് ചെയ്തു. അറസ്റ്റിന് പിന്നാലെ സിനലോവ സംസ്ഥാനത്തെ ഗ്വസാവെ നഗരത്തിൽ സുരക്ഷാസേനയ്ക്കു നേരെ ആക്രമണമുണ്ടായതായും തുടർന്ന് സായുധ ഏറ്റുമുട്ടൽ നടന്നതായും അധികൃതർ അറിയിച്ചു.
അറസ്റ്റിനു പിന്നാലെ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ വെടിവയ്പും സംഘർഷവും റോഡ് ഉപരോധവും റിപ്പോർട്ട് ചെയ്തു. ഗ്വസാവെയിൽ നടക്കുന്ന അൽഗോഡോണെറോസ് ഡി ഗ്വസാവെയും വെനാഡോസ് ഡി മസാറ്റ്ലാനും തമ്മിലുള്ള ബേസ്ബോൾ മത്സരവും വെടിയൊച്ചകൾ ഉയർന്നതിനെ തുടർന്ന് നിർത്തിവച്ചു. കുലിയാക്കാൻ നഗരത്തിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയാണ് ഗ്വസാവെ. പ്രദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ജനങ്ങളോട് യാത്രകൾ ഒഴിവാക്കാൻ അധികൃതർ നിർദേശം നൽകി. റോഡുകളിലെ തടസ്സങ്ങൾ നീക്കാൻ വിവിധ സുരക്ഷാ ഏജൻസികൾ രംഗത്തുണ്ടെന്നും അധികൃതർ അറിയിച്ചു.
മെക്സിക്കോയിലെയും യുഎസിലെയും അന്വേഷണ ഏജൻസികളുടെ പ്രധാന പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ടായിരുന്ന വ്യക്തിയാണ് എൽ ചാപോ ഇസിഡ്രോ. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ദശലക്ഷം ഡോളർ പാരിതോഷികം നൽകുമെന്ന് യുഎസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഗ്വസാവെ, ലോസ് മോച്ചിസ്, ബദിരാഗ്വാട്ടോ ഉൾപ്പെടെയുള്ള പ്രദേശങ്ങളായിരുന്നു ഇയാളുടെ പ്രധാന സ്വാധീനമേഖലകൾ. സിനലോവ കാർട്ടലിലെ ഗുസ്മാൻ, സമ്പാദ കുടുംബങ്ങളുടെ നേതൃത്വത്തിലുള്ള മറ്റ് വിഭാഗങ്ങൾ ദുർബലമായതോടെ സമീപകാലത്ത് ഇസിഡ്രോയുടെ സ്വാധീനം വർധിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
മയക്കുമരുന്ന് കടത്തിൽ വലിയ പങ്കുവഹിച്ചിരുന്ന ഇയാളുടെ സംഘത്തെക്കുറിച്ച് നിരവധി അന്വേഷണങ്ങൾ നടന്നിരുന്നു. 2024 അവസാനത്തോടെ ഗ്വസാവെയിൽ നിന്ന് ഒരു ടണ്ണിലധികം ഫെന്റനൈൽ മെക്സിക്കൻ നാവികസേന പിടിച്ചെടുത്തിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫെന്റനൈൽ വേട്ടയായിരുന്നു ഇതെന്നാണ് റിപ്പോർട്ട്. ഫെന്റനൈൽ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ കടത്തിൽ ഇസിഡ്രോയുടെ സംഘം നിർണായക പങ്കുവഹിച്ചിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.















