കെ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മുൻ ആരോഗ്യമന്ത്രിമാർ; ആരോഗ്യരംഗം ഗുരുതര പ്രതിസന്ധിയിലേക്ക്, മന്ത്രി സ്ഥാനത്ത് തുടരാൻ അർഹത ഇല്ല

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് മന്ത്രിസഭകളിലെ മുൻ ആരോഗ്യമന്ത്രിമാർ. സംസ്ഥാനത്തെ ആരോഗ്യരംഗം യുഡിഎഫ് സർക്കാർ ചുമതലയേറ്റപ്പോൾ മുതൽ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും കേരളത്തിലെ ആരോഗ്യരംഗം തകർന്നുപോകുമോ എന്ന ഭയമുണ്ടെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുൻ ആരോഗ്യമന്ത്രിയുമായിരുന്ന പി കെ ശ്രീമതി വ്യക്തമാക്കി. മുൻ എൽഡിഎഫ് സർക്കാരുകളിൽ ആരോഗ്യമന്ത്രിമാരായിരുന്ന കെകെ ശൈലജ, വീണ ജോർജ് എന്നിവർക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പി.കെ ശ്രീമതിയുടെ വിമർശം.

നിസ്സാരം എന്ന മട്ടിൽ ആണ് കെ മുരളീധരൻ ആരോഗ്യ വകുപ്പ് ചുമതല ഏറ്റെടുത്തത്. ലാഘവത്തോടെ കൈകാര്യം ചെയ്യാൻ പറ്റുന്ന ഒന്നല്ല ആരോഗ്യ വകുപ്പ് എന്ന് മുരളീധരൻ മനസ്സിലാക്കണം. ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാതെ രോഗികൾ വലയുമ്പോഴും, സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന നിരുത്തരവാദപരമായ സമീപനത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

എസ്എംഎ (സ്പെനൽ മസ്ലർ അട്രോഫി) ബാധിതരായ കുട്ടികൾക്ക് ‘ക്ലിനിക്കൽ ട്രയൽ ഒൺലി’ എന്ന് രേഖപ്പെടുത്തിയ മരുന്നുകൾ വിതരണം ചെയ്ത സംഭവം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ കർശനമായ മാനദണ്ഡങ്ങളുള്ളപ്പോഴാണ് യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ ഇത്തരം മരുന്നുകൾ പിഞ്ചുകുഞ്ഞുങ്ങൾക്ക് നൽകുന്നത്. സംഭവം അങ്ങേയറ്റം തെറ്റാണെന്നും ഇതിനെതിരെ രക്ഷിതാക്കൾ കടുത്ത ആശങ്കയിലാണ്. പുതിയ മരുന്ന് കൊടുക്കുമ്പോൾ അത് രക്ഷിതാക്കളെ ബോധ്യപ്പെടുത്തണമെന്നും പി കെ ശ്രീമതി പറഞ്ഞു.

മുൻകാലങ്ങളിൽ ഇടതുപക്ഷ സർക്കാർ ആരോഗ്യരംഗത്ത് മാതൃകാപരമായ ഇടപെടലുകളാണ് നടത്തിയത്. ചികിത്സാരംഗത്ത് ഫലപ്രദമായി ഇടപെടാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകിയിരുന്നു. കഴിഞ്ഞ പത്ത് കൊല്ലത്തിനിടയിൽ കേരളത്തിൽ മരുന്നില്ലെന്ന ഒരു പരാതിപോലും കേൾക്കേണ്ടി വന്നിട്ടില്ല. എൽഡിഎഫ് സർക്കാരിന്റേത് എപ്പോഴും ജനകീയ ആരോഗ്യ നയമായിരുന്നു. 2007 ഡിസംബറിലാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിലവിൽ വന്നത്.

ഇതിന്റെ ചട്ടമനുസരിച്ച് മരുന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട് മന്ത്രിക്ക് യാതൊരു റോളുമില്ല. മരുന്ന് കമ്പനികളേയോ മേധാവികളേയോ ഏജന്റുമാരെയോ മന്ത്രിമാർ കാണാൻ പാടില്ലെന്ന കർശന ചട്ടവുമുണ്ട്. മരുന്ന് ടെൻഡർ ചെയ്ത് വാങ്ങേണ്ട ഉത്തരവാദിത്വം ഹെൽത്ത് പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ്. എന്നാൽ എസ്.എം.എയ്ക്കുള്ള മരുന്ന് വാങ്ങിയ കമ്പനി മേധാവിയുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഉടൻ കമ്പനിയുമായി കരാർ ആയി. പിന്നീട് ക്ലിനിക്കൽ ട്രയലിലുള്ള മരുന്ന് ചികിത്സയിലുള്ള കുട്ടികൾക്ക് വിതരണം ചെയ്യുകയാണ്.

യുഡിഎഫ് ഭരണത്തിൽ ഈ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് അഴിമതിയും മരുന്നുവിതരണത്തിലെ വീഴ്ചകളും അരങ്ങേറുന്നത്. വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്നതുപോലെയാണ് മുരളീധരന്റെ രീതി. പക്ഷെ അത് ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുമ്പോൾ നടക്കില്ല. ആരോഗ്യമന്ത്രി സ്ഥാനത്തിരിക്കാനുള്ള യോഗ്യത പോലും മുരളീധരനില്ലെന്നും ഇതൊക്കെ നിസ്സാരം എന്ന മട്ടിലാണ് മുരളീധരൻ അധികാരമേറ്റതെന്ന് പി.കെ ശ്രീമതി കൂട്ടിച്ചേർത്തു.

Former Health Ministers level sharp criticism against K. Muraleedharan; the health sector is heading toward a serious crisis, and he is unfit to continue as Minister.

More Stories from this section

family-dental
witywide