
കാസർകോട്: സർക്കാർ പരിപാടിയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ. മുരളീധരൻ. കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വന്ദേമാതരം പാടി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ മന്ത്രി വേദിയിൽ കസേരയിൽ ഇരിക്കുകയായിരുന്നു.
മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്ന ജില്ലാ കളക്ടർ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കല്ലട്ര മാഹിൻ ഹാജി എം.എൽ.എ എന്നിവരും ഗാനം തീരുന്നതിന് മുൻപ് ഇരുന്നു. എന്നാൽ കെ. നീലകണ്ഠൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ എന്നിവർ ഗാനം പൂർണ്ണമായി പാടിത്തീരുന്നതുവരെ വേദിയിൽ എഴുന്നേറ്റു നിന്നു.
സർക്കാർ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കാറില്ലെന്ന കോൺഗ്രസ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ നടപടി. എന്നാൽ ചടങ്ങിൽ ഗാനം ആലപിക്കാൻ നിശ്ചയിച്ചിരുന്നവർ വന്ദേമാതരം പൂർണ്ണമായി പാടുകയായിരുന്നു. സംഘാടകർക്ക് ഇതേക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നാണ് നൽകുന്ന വിശദീകരണം. വേദിയിൽ വെച്ചുതന്നെ അതൃപ്തി പരസ്യമാക്കിയ മന്ത്രി, ചടങ്ങിന് ശേഷം സംഘാടകരെ നേരിട്ട് വിളിച്ച് തന്റെ പ്രതിഷേധം അറിയിച്ചതായും വിവരമുണ്ട്.
Dissatisfaction over the full rendition of ‘Vande Mataram’; Minister K. Muraleedharan sat down in his chair before the song concluded.













