കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞത് തെറ്റെന്ന് വീണാ ജോർജ്; റെംഡെസിവിർ നൽകിയ അഞ്ച് നിപ രോഗികളും ജീവനോടെയുണ്ട്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ മുരളീധരൻ നിയമസഭയിൽ പറഞ്ഞത് തെറ്റെന്നും സംസ്ഥാനത്ത് റെംഡെസിവിർ മരുന്ന് നൽകിയ അഞ്ച് നിപ രോഗികളും പൂർണ ആരോഗ്യത്തോടെ ജീവനോടെയുണ്ടെന്ന് മുൻ ആരോഗ്യ മന്ത്രി വീണാ ജോർജ്. നിയമസഭയിൽ, കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത് മൂലമാണ് നിപ ബാധിതർ മരിച്ചത് എന്ന രീതിയിൽ ഉയർന്ന പ്രചാരണം തീർത്തും തെറ്റും അവാസ്‌തവവുമാണ്. രോഗികൾക്ക് നൽകിയ മരുന്നുകളുടെയും ചികിത്സയുടെയും വിവരങ്ങൾ അടങ്ങിയ എല്ലാ രേഖകളും ആരോഗ്യ വകുപ്പിൽ കൃത്യമായി സൂക്ഷിച്ചിട്ടുണ്ടെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

തെറ്റായ ഈ പ്രസ്‌താവന മന്ത്രി തിരുത്തണം. നിയമസഭയിൽ സബ്‌മിഷൻ വഴി ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ പരിശോധന നടത്താതെ നിരുത്തരവാദപരമായ മറുപടി നൽകിയത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടച്ചു. കോവിഡ് കാലത്താണ് കെഎംഎസ്‌സിയിൽ വിവിധ കമ്പനികളിൽ നിന്ന് റെംഡെസിവിർ മരുന്ന് വാങ്ങിയത്. ലോകവ്യാപകമായി മരുന്നിന് വലിയ ദൗർലഭ്യം നേരിട്ട ഘട്ടത്തിൽ അന്താരാഷ്ട്ര വിപണിയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ഔദ്യോഗികമായാണ് ഇത് ശേഖരിച്ചതെന്നും വീണാ ജോർജ് പറഞ്ഞു.

ഓരോ ബാച്ച് മരുന്നിന്റെയും നിർമ്മാണ തീയതിയും കാലാവധിയും കെഎംഎസിയുടെ ഡിജിറ്റൽ സോഫ്റ്റ്‌വെയർ വഴി കൃത്യമായി രേഖപ്പെടുത്താറുണ്ട്. കാലാവധി കഴിഞ്ഞാൽ സോഫ്റ്റ്‌വെയർ വഴി ആ മരുന്നുകളുടെ വിതരണം തനിയെ തടയപ്പെടും. രണ്ടര വർഷം മുതൽ അഞ്ചു വർഷം വരെ കാലാവധിയുള്ള മരുന്നുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. 2021-ൽ വാങ്ങിയ മരുന്നുകൾക്ക് 2023 ജൂൺ വരെയും, 2022-ൽ നൽകിയവയ്ക്ക് 2025 സെപ്റ്റംബർ വരെയും കാലാവധിയുണ്ടായിരുന്നു. അതിനാൽ കാലാവധി കഴിഞ്ഞ മരുന്ന് രോഗികൾക്ക് നൽകി എന്ന വാദം പൂർണ്ണമായും തെറ്റാണ്.

സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും മരുന്ന് നൽകുന്നതിന് മുമ്പ് ഡോക്ടർമാരും ഫാർമസിസ്റ്റുകളും സ്റ്റോർ കീപ്പർമാരും കാലാവധി തീയതി നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താറുണ്ട്. രോഗികൾക്ക് ഇൻജക്ഷൻ നൽകുന്നതിന് മുമ്പ് ആരോഗ്യ പ്രവർത്തകർ നടത്തുന്ന ഇത്തരം പരിശോധനകൾ മറികടന്ന് കാലാവധി കഴിഞ്ഞ മരുന്ന് നൽകാൻ കഴിയില്ല. ക്ലിനിക്കൽ ട്രയലിന് മാത്രം ഉപയോഗിക്കാനുള്ളത് എന്ന മുന്നറിയിപ്പുള്ള കുപ്പി ഉപയോഗിച്ചു എന്ന ആരോപണത്തിന് പിന്നിൽ വലിയ ദുരൂഹതയുണ്ട്.

മരുന്ന് ഉപയോഗിച്ച ആരോഗ്യ പ്രവർത്തകർ ആരും ഉന്നയിക്കാത്ത ഒരു വിഷയം പെട്ടെന്ന് നിയമസഭയിൽ ചോദിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഈ വിഷയത്തിൽ ഉയർന്നുവന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതിനായി വിദഗ്‌ധ സമിതിയെ വച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Veena George states that K. Muraleedharan’s remarks in the Legislative Assembly are incorrect; all five Nipah patients who were administered Remdesivir are still alive.

More Stories from this section

family-dental
witywide