
ന്യൂജേഴ്സി: ഭൗതികതയുടെ നാട്ടിൽ ആത്മീയതയുടെ വിജയഗാഥയായി ഫാ. സാം കുട്ടപ്പശേരിയും ഫാ. മൈക്കിൾ ജെയിംസും ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിൽ നിന്നും കൈവയ്പ് ഏറ്റു വാങ്ങി പൗരോഹിത്യ ശുശ്രുഷ എന്ന ദൗത്യത്തിലേക്ക് ചുവടു വച്ചു. കാൽ നൂറ്റാണ്ട് മുൻപ് രൂപം കൊണ്ട് ചിക്കാഗോ രൂപതയിൽ ദൈവവിളിക്കു മുന്നിൽ സ്വയം അർപ്പിക്കുവാൻ സന്നദ്ധരായ യുവാക്കളുടെ പ്രതിനിധികളായി പാറ്റേഴ്‌സൺ സെന്റ് ജോർജ് ഇടവകയിലെ അൾത്താരയിൽ ഇരുവരും പ്രതിജ്ഞാബദ്ധരായി പ്രണാമം അർപ്പിച്ച ധന്യ നിമിഷണത്തിനു സാക്ഷികളാകാൻ മുൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തും വൻ ജനാവലിയും എത്തി.

അപൂർവമായി മാത്രം നടക്കുന്ന പൗരോഹിത്യ അഭിഷേക ചടങ്ങ്, പങ്കെടുത്ത എല്ലാവർക്കും അനുഗ്രഹപൂര്‌ണമായ അനുഭവമായി. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ അനുഭൂതി. അമേരിക്കയിൽ ജനിച്ചു വളർന്ന മലയാളി യൂവാക്കൾ മുൻപും പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെട്ടിട്ടുണ്ടെങ്കിലും ഒരേ ഇടവകയിൽ നിന്നുള്ള രണ്ട് മലയാളി കുടുംബങ്ങളിൽ നിന്നുള്ള യുവാക്കൾ ഒരുമിച്ച് വൈദികരാകുന്നത് ഇതാദ്യമാണ്. സഭയുടെ ചരിത്രത്തിലെ അനുഗ്രഹം നിറഞ്ഞ നിമിഷവും.

നിരവധി വൈദികരും കന്യാസ്ത്രികളും മുഖ്യധാരയിൽ നിന്നുള്ളവരും ചടങ്ങിനെത്തി. ബിഷപ്പാകും മുൻപ് മാർ ജോയി ആലപ്പാട്ട് വൈദികനായി സേവനമനുഷ്‌ഠിച്ച പാറ്റേഴ്‌സൻ ഇടവകയിൽ നിന്ന് രണ്ടു പേർ ഒരേ ദിവസം വൈദികരാകുന്നത് അദ്ദേഹത്തിന്റെ ആത്മീയ ശുശ്രൂഷക്കും ലഭിച്ച അംഗീകാരമായി. അന്ന് തന്റെ കീഴിൽ വിശ്വാസ പരിശീലനം നേടിയ രണ്ട് ബാലന്മാറീ അദ്ദേഹം തന്നെ വൈദികരായി അഭിഷേകം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.
അഭിഷേക ചടങ്ങ് മലയാളി സമൂഹത്തിനും സീറോ മലബാർ സഭയ്ക്കും അനുഗ്രഹത്തിന്റെയും അഭിമാനത്തിൻ്റെയും നിമിഷമായി. രൂപതയുടെ കീഴിലുള്ള പ്രഥമ ഇടവകകളിലൊന്നാണ് സെന്റ് ജോർജ് ദേവാലയം.

ഞായറാഴ്‌ച (ജൂൺ 14 ) രാവിലെ 9:30 ന് ഫാ. സാം കുട്ടപ്പശേരിയും 11:30-ന് ഫാ. മൈക്കിൾ ജെയിംസും തങ്ങളുടെ പ്രഥമ ദിവ്യബലി അർപ്പിക്കുന്നതോടെ രണ്ടു വൈദികരുടെ സേവനം കൂടി സഭാമക്കൾക്ക് ലഭ്യമാകുന്നു.

ഫാ. സാം കുട്ടപ്പശേരി ന്യൂ ജേഴ്‌സി റഡ്ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം ഇല്ലിനോയിസിലും റോമിലുമായി വൈദിക പഠനം പൂർത്തിയാക്കി. കേരളത്തിൽ തൃശൂർ മാള വലിയപറമ്പ് കുരുവിലശ്ശേരി ഇടവക അംഗങ്ങളായ റോബി – സിസി ദമ്പതികളുടെ മകനാണ്. സഹോദരി രേഷ്‌മ അലക്സ്.

ഫാ. മൈക്കിൾ ജെയിംസ് ന്യൂ ജേഴ്സി കാൾഡ്വെൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബയോളജി ബിരുദത്തിന് ശേഷമാണ് ഇല്ലിനോയ്‌സ് മൻഡലൈൻ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയത്. കേരളത്തിൽ കോട്ടയം പാറമ്പുഴ ഹോളി ഫാമിലി ഇടവക അംഗങ്ങളായ ജെയിംസ് – ഷേർളി ദമ്പതികളുടെ മകനാണ്. സഹോദരി ബെറ്റ്സി ജെയിംസ്.

ഇടവക വികാരി ഫാ. സിമ്മി തോമസിൻ്റെയും കൈക്കാരന്മാരായ ലിൻ്റോ മാത്യു, വിൻസെന്റ് തോട്ടുമാരി, ചാൾസ് ചാക്കോ, കൂടാതെ ഇടവക കമ്മറ്റി അംഗങ്ങൾ, ഡെലിക്‌സ് ടി അലക്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അനേകം വാളന്റിയേഴ്‌സ് അടങ്ങുന്ന വിവിധ കമ്മറ്റികളുടെ സഹായത്തോടെ വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.



Fr. Sam Kuttappassery and Fr. Michael James were ordained, marking a victorious milestone in spirituality














