
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകളിൽ ബിജെപി നേതാവ് അഗ്നിമിത്ര പോളിൻ്റെ പേര് മുൻനിരയിലേക്ക്. മമത ബാനർജി രാജിവെക്കാൻ വിസമ്മതിക്കുന്നുണ്ടെങ്കിലും, മെയ് 9-ന് പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. മമതയ്ക്ക് ബദലായി ഒരു വനിതാ നേതാവിനെത്തന്നെ കൊണ്ടുവരാനാണ് ബിജെപി നീക്കമെങ്കിൽ അഗ്നിമിത്ര പോളിനായിരിക്കും മുൻഗണന.
ആരാണ് അഗ്നിമിത്ര പോൾ?
പ്രശസ്ത ഫാഷൻ ഡിസൈനറായിരുന്ന അഗ്നിമിത്ര പോൾ 2019-2024 കാലയളവിൽ ലോക്‌സഭാ എംപിയായിരുന്നു. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റായ അവർ, ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ അസൻസോൾ ദക്ഷിണിൽ നിന്ന് 40,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തൃണമൂൽ കോൺഗ്രസിൻ്റെ തപസ് ബാനർജിയെയാണ് അവർ പരാജയപ്പെടുത്തിയത്. അഗ്നിമിത്ര പോളിൻ്റെ സത്യവാങ്മൂലം പ്രകാരം അവർക്കെതിരെ 23 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം, അക്രമാസക്തമായ പ്രതിഷേധം, ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന രീതിയിലുള്ള ആശയവിനിമയം തുടങ്ങിയവയാണ് ആരോപണങ്ങൾ. എന്നാൽ ഒരു കേസിലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നത് അവർക്ക് ആശ്വാസകരമാണ്.
അഗ്നിമിത്രയ്ക്ക് പുറമെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായ പരിഗണനയിലുള്ള മറ്റു രണ്ടുപേരിൽ ഒരാളാണ് സുവേന്ദു അധികാരി. ബിജെപിയുടെ കരുത്തുറ്റ നേതാവായ അധികാരി, മമത ബാനർജിയെ ഭവാനിപൂർ മണ്ഡലത്തിൽ 15,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് വലിയ തരംഗമുണ്ടാക്കിയിട്ടുണ്ട്. ഇനിയൊരാൾ സമിക് ഭട്ടാചാര്യയാണ്. ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭാ അംഗവുമായ ഇദ്ദേഹത്തിൻ്റെ പേരും സജീവമായ പരിഗണനയിലുണ്ട്.
രവീന്ദ്രനാഥ ടാഗോറിൻ്റെ ജന്മവാർഷികമായ മെയ് 9-ന് തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് ബിജെപി തീരുമാനം. മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.
From fashion designer to politics, Agnimitra Paul to become Bengal CM?















