സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി ഫോണിൽ ബന്ധപ്പെട്ടത് രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചയാകുന്നു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് മമത എം.എ. ബേബിയുമായി സംസാരിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഇരുപാർട്ടി നേതാക്കളും തമ്മിൽ നേരിട്ട് സംസാരിക്കുന്നത് എന്നത് ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ സമവായങ്ങളുടെ സൂചന നൽകുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാനും പ്രതിപക്ഷ നിരയെ ഏകോപിപ്പിക്കാനും അടിയന്തരമായി യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് എൻഡിഎ ഇതര പാർട്ടികൾക്ക് എം.എ. ബേബി കത്തയച്ചിരുന്നു. ഡിഎംകെ, ടിവികെ, ബിആർഎസ്, ബിജെഡി, എഎപി തുടങ്ങി ഇന്ത്യ മുന്നണിക്ക് പുറത്തുള്ള പാർട്ടികൾക്കും കോക്രോച്ച് ജനതാ പാർട്ടി ഉൾപ്പെടെയുള്ളവയ്ക്കാണ് കത്ത് നൽകിയത്. ഈ കത്തിനുള്ള മറുപടിയായാണ് മമത ബാനർജി ഫോണിൽ ബന്ധപ്പെട്ടതും, ഇന്ത്യ മുന്നണിയുടെ യോഗം ഉടൻ വിളിച്ചുചേർക്കേണ്ടതിന്റെ ആവശ്യകത ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്ത വിവരം ബേബിയെ അറിയിച്ചതും.
പശ്ചിമ ബംഗാളിലെ കടുത്ത രാഷ്ട്രീയ ശത്രുത കാരണം ഇന്ത്യ മുന്നണിയുടെ ഭാഗമായിരുന്നിട്ടും ഇരുപാർട്ടികളും നേരിട്ടുള്ള സമ്പർക്കം ഇതുവരെ ഒഴിവാക്കിയിരുന്നു. എന്നാൽ നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾ ഒന്നിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയും സംയുക്ത പ്രതിഷേധങ്ങളും ചർച്ചയിൽ ഉയർന്നുവന്നു. സെപ്റ്റംബർ 23-നാണ് വിവിധ പാർട്ടികൾക്ക് കത്തെഴുതിയത്, തുടർന്ന് മമത അനുകൂലമായി മറുപടി നൽകുകയും ചെയ്തു. ഞായറാഴ്ച എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളുമായി എം.എ. ബേബി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സംയുക്ത നീക്കത്തിന് കോൺഗ്രസ് മുൻകൈയെടുക്കാത്തതിൽ ചില നേതാക്കൾക്കിടയിൽ അമർഷമുണ്ട്. കോൺഗ്രസ് ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് സംയുക്ത നീക്കങ്ങൾക്ക് അവർ മുൻകൈയെടുക്കാത്തതെന്നാണ് ആരോപണം. വോട്ടർപട്ടിക പരിഷ്കരണം സംബന്ധിച്ച് ദീപാങ്കർ ഭട്ടാചാര്യ രാഹുൽ ഗാന്ധിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നുവെങ്കിലും മറ്റ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം തണുപ്പൻ മട്ടിലായിരുന്നു. നിലവിലെ സാഹചര്യം ചർച്ചചെയ്യുന്നതിനായി കോൺഗ്രസ് ചൊവ്വാഴ്ച പ്രവർത്തക സമിതിയോഗം ചേരുമെന്നാണ് വിവരം.
Mamata Banerjee Calls CPI General Secretary M.A. Baby Amid Election Commission Controversy










