രണ്ട് പിൻമാറ്റം, ഒരു യൂടേൺ: ബംഗാൾ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലിൽ ആശയക്കുഴപ്പം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ. റേജിനഗറിലെ തൃണമൂൽ സ്ഥാനാർഥി റബിയുൾ ആലം ചൗധരി നാമനിർദേശം പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച് രണ്ട് മണിക്കൂറിനുള്ളിൽ നിലപാട് മാറ്റി. താൻ മത്സരത്തിൽ നിന്ന് പിന്മാറുന്നില്ലെന്നും ഉപതിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി. രാവിലെ 10.50ഓടെ മുർഷിദാബാദിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് റേജിനഗറിലെ മുൻ തൃണമൂൽ എംഎൽഎ കൂടിയായ ചൗധരി നാമനിർദേശം പിൻവലിക്കാനുള്ള തീരുമാനം അറിയിച്ചത്.

വെള്ളിയാഴ്ച മമത ബാനർജിയുമായി സംസാരിച്ചിരുന്നെന്നും ശനിയാഴ്ച ഉച്ചയോടെ നാമനിർദേശം പിൻവലിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിന്റെ ഭീഷണിയാണ് തീരുമാനത്തിന് കാരണമെന്നും വ്യക്തമാക്കി.

ഞങ്ങളുടെ പ്രവർത്തകർക്ക് സമ്മർദവും അറസ്റ്റിന്റെ ഭീഷണിയും നേരിടേണ്ടിവരുന്നു. ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവർക്ക് പ്രചാരണം നടത്താൻ കഴിയുന്നില്ല. അതിനാൽ മത്സരത്തിൽ നിന്ന് പിന്മാറാനാണ് ആലോചിക്കുന്നത്. ഇന്നലെ രാത്രി ബാനർജിയുമായി സംസാരിച്ചു. കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു. തീരുമാനം എടുക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. പുതിയ ചിഹ്നത്തിലായിരിക്കും ഇത്തവണ മത്സരിക്കേണ്ടത്. അതിനാൽ നാമനിർദേശം പിൻവലിക്കാനാണ് ആലോചിക്കുന്നത്,” ചൗധരി പറഞ്ഞു.

എന്നാൽ രണ്ട് മണിക്കൂറിനകം അദ്ദേഹം നിലപാട് മാറ്റി. താൻ പിന്മാറുന്നില്ലെന്നും ഉപതിരഞ്ഞെടുപ്പിനായി പ്രചാരണം ആരംഭിക്കുമെന്നും അറിയിച്ചു.ബാനർജിയുമായി സംസാരിച്ചു. ഞാൻ പ്രചാരണം ആരംഭിക്കും. പാർട്ടിയുടെ മുതിർന്ന നേതാക്കൾ റേജിനഗറിൽ എനിക്കായി പ്രചാരണത്തിനെത്തും. ബാനർജിയും എത്തിയേക്കുമെന്നും ഉച്ചയ്ക്ക് 12.30ഓടെ ചൗധരി പറഞ്ഞു.

മമത ബാനർജിയുടെ നന്ദിഗ്രാം സ്ഥാനാർഥി സഞ്ചിത പ്രധാൻ ഡേ നാമനിർദേശം പിൻവലിച്ചതിന് പിന്നാലെയാണ് റേജിനഗറിലെ സംഭവവികാസം. വ്യാഴാഴ്ച വൈകിട്ട് കൊൽക്കത്തയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി ഡേ കൂടിക്കാഴ്ച നടത്തിയിരുന്നു. സഞ്ചിത പ്രധാൻ ഡേ നാമനിർദേശം പിൻവലിച്ചതിന് പിന്നാലെ നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് തൃണമൂൽ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം 2007ലെ കൊലപാതകക്കേസുകളിൽ മിലൻ പ്രധാൻ അറസ്റ്റിലായി.

റേജിനഗറിലെ സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് മമത ബാനർജി വെള്ളിയാഴ്ച പറഞ്ഞിരുന്നു. “ഞങ്ങളുടെ സ്ഥാനാർഥി താൽക്കാലിക ചിഹ്നമായ ‘ഫുട്ബോൾ കളിക്കാരൻ’ എന്ന ചിഹ്നത്തിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കും. എല്ലാ അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായി,” ബാനർജി നേതൃത്വം നൽകുന്ന വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച പുതിയ പേരായ ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

നന്ദിഗ്രാം പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ടായിരുന്ന നാല് ജാമ്യമില്ലാ അറസ്റ്റ് വാറന്റുകളുമായി ബന്ധപ്പെട്ടാണ് മിലൻ പ്രധാന്‍റെ അറസ്റ്റെന്ന് ഈസ്റ്റ് മിഡ്നാപൂർ പൊലീസ് അറിയിച്ചു. കൊലപാതകം, കൊലപാതകശ്രമം, കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോകൽ, തെളിവുകൾ നശിപ്പിക്കൽ, വീടുകയറി അതിക്രമം, ആയുധങ്ങളും മാരകായുധങ്ങളും ഉപയോഗിച്ചുള്ള കലാപം തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് കേസുകളിലുള്ളതെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, മിലൻ പ്രധാന്‍റെ അറസ്റ്റ് നടന്ന സമയത്തെ കോൺഗ്രസ് ചോദ്യം ചെയ്തു. പ്രധാൻ ജയിലിലായാലും പാർട്ടി പിന്നോട്ടുപോകില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. 2007ലെ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭത്തിനിടെയാണ് പ്രധാന് എതിരായ കേസുകളെല്ലാം രജിസ്റ്റർ ചെയ്തത്. സമാനമായ കേസുകൾ നിരവധി പേർക്കെതിരെയും ഉണ്ടായിരുന്നു. അന്ന് സുവേന്ദു അധികാരിയും പിതാവ് ശിശിർ അധികാരിയും പ്രക്ഷോഭത്തിലെ നേതാക്കളായിരുന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷം, അതും പ്രധാൻ നാമനിർദേശം സമർപ്പിച്ച സമയത്ത് തന്നെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്തത്? എന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ശുഭങ്കർ സർക്കാർ ചോദിച്ചു.

ഞങ്ങളുടെ സ്ഥാനാർഥിയെ ജയിലിലടച്ചാൽ നന്ദിഗ്രാമിൽ ആയിരക്കണക്കിന് മിലൻ പ്രധാൻമാർ തെരുവിലിറങ്ങി പ്രചാരണം നടത്തും. അവർ ലഘുലേഖകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മിലൻ പ്രധാൻ ഇത്രയും കാലവും ഒളിവിലായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. കേസുകളിൽ ഒളിവിലായ പ്രതിയായി അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും ദീർഘകാലമായി നടപ്പാക്കാത്ത ജാമ്യമില്ലാ വാറന്റുകൾ നടപ്പാക്കണമെന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥിരം നിർദേശമാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Two withdrawals, one U-turn: TMC chaos ahead of Bengal bypolls

More Stories from this section

family-dental
witywide