ബംഗാളിൽ അതീവ നാടകീയത, നന്ദിഗ്രാമിൽ മമത പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർഥിയെ കൊലപാതകക്കേസിൽ അറസ്റ്റ് ചെയ്തു; പ്രതിഷേധം ശക്തം

പശ്ചിമ ബംഗാളിലെ നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. സ്വന്തം സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതിനെ തുടർന്ന് മമത ബാനർജി പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാൻ അറസ്റ്റിലായി. 2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ പ്രക്ഷോഭത്തിനിടെ നടന്ന പഴയൊരു കൊലപാതകക്കേസുമായി ബന്ധപ്പെടുത്തി ബംഗാളിലെ ബി.ജെ.പി. സർക്കാരാണ് പ്രധാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മമതയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക പോരാട്ടങ്ങളിലൊന്നായ 2007-ലെ നന്ദിഗ്രാം പ്രക്ഷോഭ കേസിൽ തന്നെയാണ് ഇപ്പോൾ പിന്തുണച്ച സ്ഥാനാർത്ഥിയും പിടിയിലായിരിക്കുന്നത്. മിലൻ പ്രധാന്റെ അറസ്റ്റിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറുകൾക്കിടയിലാണ് നന്ദിഗ്രാമിൽ അതിവേഗ സംഭവവികാസങ്ങൾ അരങ്ങേറിയത്. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ മമതയുടെ തൃണമൂൽ വിഭാഗം സ്ഥാനാർത്ഥിയായ സഞ്ജിത പ്രധാൻ പത്രിക പിൻവലിക്കുകയായിരുന്നു. ഇതോടെയാണ് അപ്രതീക്ഷിത ബദൽനീക്കമെന്ന നിലയിൽ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനെ പിന്തുണയ്ക്കാൻ മമത തീരുമാനിച്ചത്. ബി.ജെ.പിയെ പുറത്താക്കാൻ കോൺഗ്രസും തന്റെ പാർട്ടിയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധിയുമായി വിഷയം സംസാരിച്ചിരുന്നുവെന്നും മമത വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം തന്നെ സ്ഥാനാർത്ഥി അറസ്റ്റിലാകുകയായിരുന്നു.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കനത്ത തിരിച്ചടികളാണ് മമതാ ബാനർജി നേരിടുന്നത്. ജനപ്രതിനിധികളുടെ കൂട്ടക്കൊഴിഞ്ഞുപോക്കിന് പിന്നാലെ ഔദ്യോഗിക പാർട്ടിയുടെ പേരും ചിഹ്നവും തൃണമൂൽ പിളർപ്പിനെ തുടർന്ന് മമതയ്ക്ക് നഷ്ടമായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയെ നഷ്ടപ്പെട്ടതിനെ തുടർന്ന് കോൺഗ്രസിനെ പിന്തുണച്ച മമതയ്ക്ക്, ആ സ്ഥാനാർത്ഥിയുടെ അറസ്റ്റോടെ വീണ്ടും വൻ തിരിച്ചടിയേറ്റിരിക്കുകയാണ്. ഒക്ടോബർ ആറിനാണ് നന്ദിഗ്രാമിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Nandigram Bypoll: Congress Candidate Supported by Mamata Banerjee Arrested in Murder Case