യുഎസിൽ നിയന്ത്രിത രാജ്യത്തിൽ നിന്നുള്ള അപേക്ഷകന് 68 ദിവസത്തിനകം ഗ്രീൻ കാർഡ്; അഭിമുഖം ഒഴിവാക്കിയതായി റെഡിറ്റ് പോസ്റ്റ്

വാഷിങ്ടൺ: അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് അപേക്ഷ വെറും 68 ദിവസത്തിനകം അംഗീകരിക്കപ്പെട്ടതായും അഭിമുഖം നടത്താതെയാണ് അനുമതി ലഭിച്ചതെന്നും ഒരാളുടെ റെഡിറ്റ് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. അമേരിക്കയിൽ സ്ഥിരതാമസ പദവി നേടുന്നതിനുള്ള ഐ-485 (I-485) അപേക്ഷയാണ് അംഗീകരിച്ചതെന്ന് അപേക്ഷകൻ റെഡിറ്റിൽ വ്യക്തമാക്കി. സാധാരണയായി അഭിമുഖത്തിന് വിളിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നേരിട്ട് അംഗീകാരം ലഭിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിൽ നൽകിയ വിവരങ്ങൾ പ്രകാരം, ഏപ്രിൽ 27-ന് അപേക്ഷ സ്വീകരിച്ചതിന്റെ രസീത് ലഭിച്ചു. മേയ് 7-ന് ബയോമെട്രിക് പരിശോധനയ്ക്കുള്ള തീയതി ലഭിക്കുകയും മേയ് 28-ന് പരിശോധന പൂർത്തിയാക്കുകയും ചെയ്തു. ജൂലൈ 2-നാണ് അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചത്.അമേരിക്കയുടെ “നിയന്ത്രിത രാജ്യങ്ങളുടെ” പട്ടികയിലുള്ള ഒരു രാജ്യക്കാരനാണെങ്കിലും, മറ്റൊരു വിസ വിഭാഗത്തിൽ വർഷങ്ങളായി അമേരിക്കയിൽ താമസിച്ചുവരികയാണെന്നും അപേക്ഷകൻ അവകാശപ്പെട്ടു.”റെഡിറ്റിലെ വിവിധ ഗ്രൂപ്പുകളിൽ പങ്കുവെച്ച വിവരങ്ങൾ നടപടിക്രമം മനസ്സിലാക്കാനും പ്രതീക്ഷകൾ യാഥാർഥ്യബോധത്തോടെ ക്രമീകരിക്കാനും സഹായിച്ചു. ഇനി ഗ്രീൻ കാർഡ് തപാലിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്,” പോസ്റ്റിൽ പറയുന്നു.

അതേസമയം, ഈ അവകാശവാദത്തിന്റെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം 2026 ജനുവരിയിൽ 75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ വിസ നടപടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അഫ്ഗാനിസ്ഥാൻ, ഇറാൻ, റഷ്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, സൊമാലിയ, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

അതേസമയം, റെഡിറ്റ് പോസ്റ്റിന് താഴെ നിരവധി പേർ സ്വന്തം അനുഭവങ്ങളും പങ്കുവെച്ചു. കഴിഞ്ഞ വർഷം മുതൽ അപേക്ഷയുടെ പുതുക്കലിനായി കാത്തിരിക്കുകയാണ്. ഇത്ര വേഗത്തിൽ അംഗീകാരം ലഭിച്ചത് ഭാഗ്യമാണ് എന്ന് ഒരാൾ കുറിച്ചു.68 ദിവസത്തിനുള്ളിൽ അംഗീകാരം ലഭിച്ചത് അസാധാരണമാണ്. നിയന്ത്രിത രാജ്യത്തിൽ നിന്നുള്ള അപേക്ഷകനായിട്ടും അഭിമുഖം ഒഴിവാക്കിയത് ശ്രദ്ധേയമാണ് എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. ഒരു വർഷത്തിലേറെയായി കാത്തിരിക്കുന്നവർ ഉള്ളപ്പോൾ 68 ദിവസത്തെ അംഗീകാരം പങ്കുവെക്കുന്നതിന്റെ ഉദ്ദേശമെന്താണ്? എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ പ്രതികരണം.

Green Card applicant’s interview waved, approval received in 68 days despite being from ‘restricted’ countries