
വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, സെനറ്റർ ജോൺ ഥൂണിനെ സെനറ്റ് റിപ്പബ്ലിക്കൻമാർ വീണ്ടും തങ്ങളുടെ നേതാവായി തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ കുറഞ്ഞത് ഏഴ് സീറ്റുകൾ നഷ്ടപ്പെട്ട് പാർട്ടി സെനറ്റിൽ ന്യൂനപക്ഷമായി മാറുന്ന സാഹചര്യത്തിലാണ് പഴയ സെനറ്റ് ചേംബറിൽ ചേർന്ന രഹസ്യ യോഗത്തിൽ ഥൂണിനെ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുത്തത്. അടുത്ത രണ്ട് വർഷത്തേക്കാണ് കാലാവധി.
65-കാരനായ സൗത്ത് ഡക്കോട്ട സെനറ്റർ ജോൺ ഥൂൺ, മുൻപ് ദീർഘകാലം റിപ്പബ്ലിക്കൻ നേതാവായിരുന്ന മിച്ച് മക്കോണലിന്റെ വലംകൈയായാണ് പ്രവർത്തിച്ചിരുന്നത്. 2005 മുതൽ സെനറ്റിൽ സജീവമായ അദ്ദേഹം 2024-ലാണ് ആദ്യമായി പാർട്ടി തലപ്പത്തേക്ക് വരുന്നത്. സഹപ്രവർത്തകർക്കിടയിൽ വലിയ ജനപ്രീതിയുള്ളതിനാൽ ഥൂൺ തന്നെ പദവിയിൽ തുടരുമെന്ന് ഉറപ്പായിരുന്നെങ്കിലും, തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പാർട്ടിക്കുള്ളിലെ തീവ്ര യാഥാസ്ഥിതിക വിഭാഗം രംഗത്തെത്തിയത് നേരിയ അനിശ്ചിതത്വത്തിന് കാരണമായി.
വിസ്കോൺസിനിൽ നിന്നുള്ള സെനറ്റർ റോൺ ജോൺസന്റെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നീട്ടിവെക്കാനുള്ള നീക്കങ്ങൾ നടന്നത്. ജോൺ കെന്നഡി, ടെഡ് ബുഡ്, റിക്ക് സ്കോട്ട്, മൈക്ക് ലീ എന്നീ പ്രമുഖ സെനറ്റർമാരുടെ പിന്തുണയോടെ അടിയന്തര യോഗം വിളിക്കാൻ ഇവർ സമ്മർദ്ദം ചെലുത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയിൽ അടിയന്തര മാറ്റം അനിവാര്യമാണെന്ന് റോൺ ജോൺസൺ മാധ്യമങ്ങളോട് പ്രതികരിച്ചു. എങ്കിൽപ്പോലും, ഥൂണിന് പകരമായി ഉയർത്തിക്കാട്ടാൻ മറ്റൊരു നേതാവില്ലെന്ന് അദ്ദേഹം സമ്മതിച്ചു. ഇത് വ്യക്തിപരമായ എതിർപ്പല്ലെന്നും പാർട്ടിയുടെ ഭാവി തന്ത്രങ്ങൾ ചർച്ച ചെയ്യാനുള്ള ശ്രമം മാത്രമായിരുന്നെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രസിഡന്റിന്റെ പ്രധാന നികുതി പരിഷ്കാരങ്ങളും അതിർത്തി സുരക്ഷാ ബില്ലുകളും സെനറ്റിൽ പാസാക്കിയെടുക്കുന്നതിൽ ഥൂൺ നിർണായക പങ്ക് വഹിച്ചിരുന്നു. എന്നാൽ ഇതേ കാലയളവിൽ ഉണ്ടായ രണ്ട് വലിയ ഗവൺമെന്റ് അടച്ചുപൂട്ടലുകളും, വൈറ്റ് ഹൗസുമായുള്ള അഭിപ്രായവ്യത്യാസങ്ങളും അദ്ദേഹത്തിന് വലിയ വെല്ലുവിളിയായി. ട്രംപ് ശക്തമായി വാദിച്ച ‘സേവ് അമേരിക്ക ആക്ട്’ എന്ന വിവാദ തെരഞ്ഞെടുപ്പ് ബില്ലിന് സെനറ്റിൽ ഭൂരിപക്ഷമില്ലെന്ന് പറഞ്ഞ് തള്ളിയതും പാർട്ടിക്കുള്ളിലെ വലിയൊരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു.
അനുകൂല സാഹചര്യമുണ്ടായിട്ടും ഒഹായോ, നോർത്ത് കരോലിന, സൗത്ത് കരോലിന, ടെക്സസ് തുടങ്ങിയ റിപ്പബ്ലിക്കൻ കോട്ടകളിൽ പാർട്ടി പരാജയപ്പെടുകയായിരുന്നു. യുദ്ധപശ്ചാത്തലവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളുമാണ് തിരിച്ചടിയായതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
തെരഞ്ഞെടുപ്പ് ഫലം കഠിനമായിരുന്നെന്ന് സമ്മതിച്ച ജോൺ ഥൂൺ, പാർട്ടിയുടെ പോരായ്മകൾ പരിഹരിക്കാനുള്ള അവസരമാണിതെന്നും ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണുന്ന പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.
No leadership change despite seat losses; John Thune to lead Republicans in the Senate once again.















