ആളെ മാറി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്: കാലിഫോർണിയ സിഖ് ക്ഷേത്രത്തിലെ പാചകക്കാരൻ്റെ കൊലപാതകി മെക്സിക്കോയിൽ പിടിയിൽ; രണ്ട് പേർക്കായി തിരച്ചിൽ

കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിൽ ഇന്ത്യൻ വംശജനായ സിഖുകാരൻ അവതാർ സിംഗിനെ (57) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികളിലൊരാൾ എട്ട് മാസങ്ങൾക്ക് ശേഷം മെക്സിക്കോയിൽ പിടിയിലായി. ആൽബർട്ടോ അലോൺസോ അലൻകാസ്ട്രോ (25) എന്നയാളെയാണ് മെക്സിക്കൻ സുരക്ഷാ സേനയുടെ സഹായത്തോടെ സാൻ ജോക്വിൻ കൗണ്ടി ഷെരീഫ് ഓഫീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് രണ്ട് പ്രതികളായ അൽഫോൻസോ ക്രെസെൻസിയോ സെഗുര അരെല്ലാനോ (20), ബർണാബെ അന്റോണിയോ സെഗുര അരെല്ലാനോ (22) എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ഫെബ്രുവരി 17-നാണ് ട്രേസിയിലെ ‘ഗുരുദ്വാര ഗുരു നാനാക് പ്രകാശ്’ പരിസരത്ത് നിന്ന് അവതാർ സിംഗിനെ ഒരു സംഘം ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 20-ന് ലേക്ക് ബെറിയേസയ്ക്ക് സമീപത്ത് നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാറിലെത്തിയ മൂന്നംഗ സംഘം അവതാർ സിംഗിനെ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

അവതാർ സിംഗ് ആയിരുന്നില്ല പ്രതികളുടെ യഥാർത്ഥ ലക്ഷ്യമെന്നും ആളെ മാറിപ്പോയതാണെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. കാനഡയിൽ മോഷ്ടിക്കപ്പെട്ട ഒരു കാർഗോ ട്രെയിലറുമായി ബന്ധപ്പെട്ട് ഭീഷണി നേരിട്ടിരുന്ന മറ്റൊരാളെ വധിക്കാനാണ് പ്രതികൾ എത്തിയത്. എന്നാൽ ഈ വ്യക്തിയാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതികൾ അവതാർ സിംഗിനെ തട്ടിക്കൊണ്ടുപോയതും ക്രൂരമായി കൊലപ്പെടുത്തിയതും.

ഗുരുദ്വാരയിലെ പ്രധാന പാചകക്കാരനും സന്നദ്ധപ്രവർത്തകനുമായിരുന്ന അവതാർ സിംഗ് ഭാര്യയോടും മൂന്ന് ചെറിയ കുട്ടികളോടുമൊപ്പം ക്ഷേത്രവളപ്പിലാണ് താമസിച്ചിരുന്നത്. ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് അദ്ദേഹത്തിന്റെ മൂന്ന് ചെറിയ കുട്ടികൾ ക്ഷേത്രത്തിനുള്ളിൽ തനിച്ചായിരുന്നു. ഈ സംഭവം പ്രാദേശിക സിഖ് സമൂഹത്തെ കടുത്ത ഭീതിയിലും സങ്കടത്തിലുമാക്കിയിരുന്നു.

ഒളിവിലുള്ള മറ്റ് രണ്ട് പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് സിഖ് സമൂഹം 50,000 ഡോളർ (ഏകദേശം 42 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ 209-468-4400 എന്ന നമ്പറിൽ സാൻ ജോക്വിൻ കൗണ്ടി ഷെരീഫ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Killer of California Sikh temple cook arrested in Mexico

More Stories from this section

family-dental
witywide