
ലണ്ടൻ: റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തി എന്ന ഗുരുതരമായ ആരോപണത്തെത്തുടർന്ന് യു.എസ് ആർമിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ബ്രിട്ടനിൽ അറസ്റ്റിലായി. നാറ്റോയുടെ അലൈഡ് റാപ്പിഡ് റിയാക്ഷൻ കോർപ്സിന്റെ ആസ്ഥാനമായ ഇംജിൻ ബാരക്സിൽ സേവനമനുഷ്ഠിക്കുന്ന 41 വയസ്സുകാരനായ ഉദ്യോഗസ്ഥനാണ് പിടിയിലായത്. സുരക്ഷാ കാരണങ്ങളാൽ ഇയാളുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ലണ്ടനിൽ നിന്നും 100 മൈൽ അകലെയുള്ള ഗ്ലൗസെസ്റ്ററിന് സമീപത്തുനിന്നാണ് ബ്രിട്ടീഷ്-യു.എസ് സുരക്ഷാ ഏജൻസികളുടെ സംയുക്ത നീക്കത്തിലൂടെ പ്രതിയെ പിടികൂടിയത്.
ബ്രിട്ടന്റെ ‘നാഷണൽ സെക്യൂരിറ്റി ആക്ട് 2023’ ലെ സെക്ഷൻ 1, സെക്ഷൻ 3 എന്നിവ പ്രകാരം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യവിവരങ്ങൾ ചോർത്തുക, വിദേശ ഇന്റലിജൻസ് ഏജൻസിയെ സഹായിക്കുക എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയുടെ ചാരപ്രവർത്തനങ്ങൾക്ക് റഷ്യയുമായി നേരിട്ട് ബന്ധമുണ്ടെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു. അറസ്റ്റിന് പിന്നാലെ ഇയാൾ ജോലി ചെയ്തിരുന്ന സൈനിക താവളം ഉൾപ്പെടുന്ന ഗ്ലൗസെസ്റ്റർഷെയറിലെ രണ്ട് പ്രമുഖ കേന്ദ്രങ്ങളിൽ സുരക്ഷാ വിഭാഗം വ്യാപകമായ തിരച്ചിൽ നടത്തി. പ്രതി നിലവിൽ ലണ്ടനിലെ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്.
ആരോപണങ്ങൾ അതീവ ഗുരുതരമാണെന്നും യുകെയുടെയും യുഎസിന്റെയും ശക്തമായ സുരക്ഷാ പങ്കാളിത്തത്തിന്റെ തെളിവാണ് ഈ അറസ്റ്റെന്നും യുകെ കൗണ്ടർ ടെററിസം പൊലീസിംഗ് ഫോഴ്സ് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ വിക്കി ഇവാൻസ് വ്യക്തമാക്കി. അമേരിക്കയോട് ചെയ്ത പ്രതിജ്ഞ ലംഘിച്ച് രാജ്യസുരക്ഷ അപകടത്തിലാക്കുന്നവരോട് എഫ്ബിഐക്ക് യാതൊരു ദാക്ഷിണ്യവുമുണ്ടാകില്ലെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും പ്രസ്താവിച്ചു. ബ്രിട്ടന് നേരെ റഷ്യ ‘ഹൈബ്രിഡ് യുദ്ധമുറകൾ’ ശക്തമാക്കുകയാണെന്നും യുകെയുടെ ഒന്നാം നമ്പർ ശത്രു റഷ്യയാണെന്നും ബ്രിട്ടീഷ് ചാരസംഘടനയായ എംഐ5 മേധാവി സർ കെൻ മക്കല്ലം അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അബുദാബിയിൽ ഉന്നതതല ത്രികക്ഷി ചർച്ചകൾ പുനരാരംഭിച്ച അതേ ദിവസം തന്നെയാണ് ചാര സൈനികന്റെ അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്. അതേസമയം, അടുത്തിടെ ബ്രിട്ടനിലെ ആർ.എ.എഫ് ഫെയർഫോർഡ് സൈനിക താവളം ലക്ഷ്യമിട്ട് ഇറാൻ അനുകൂലികൾ ആസൂത്രണം ചെയ്ത ഭീകരാക്രമണ ഗൂഢാലോചനയുമായി ഈ സംഭവത്തിന് ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഫെയർഫോർഡ് ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് ഇറാൻ ഏജന്റുകൾക്കെതിരെ യു.എസ് നീതിന്യായ വകുപ്പ് ചൊവ്വാഴ്ച കുറ്റം ചുമത്തിയിരുന്നു.
International espionage case shocks Britain: US soldier arrested for leaking information to Russia















