
വാഷിംഗ്ടൺ: അമേരിക്കയിലെ പ്രമുഖ ഐടി വിസയായ എച്ച്-1ബി വൻതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നതായി പ്രമുഖ അമേരിക്കൻ സിഇഒ ഹാനി ഗിർഗിസിൻ്റെ വെളിപ്പെടുത്തൽ. ഒരു പ്രമുഖ ഫോർച്യൂൺ 500 കമ്പനിയിലെ വൈസ് പ്രസിഡൻ്റ് തനിക്കയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് ഗിർഗിസ് രംഗത്തെത്തിയത്. യുഎസിലെ ഇന്ത്യൻ ജീവനക്കാർക്കിടയിലെ അനധികൃത കൂട്ടായ്മകളെയും നിയമന ക്രമക്കേടുകളെയും കുറിച്ചുള്ള വിവരങ്ങളാണ് ഈ സ്ക്രീൻഷോട്ടുകളിലുള്ളത്.
അമേരിക്കയിൽ ട്രംപ് ഭരണകൂടം എച്ച്-1ബി വിസ നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങുന്നതിനിടെ പുറത്തുവന്ന ഈ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.
എച്ച്-1ബി ജീവനക്കാർ കമ്പനിയുടെ നിയമന പ്രക്രിയയിൽ പങ്കാളികളാകുമ്പോൾ, അമേരിക്കൻ ഉദ്യോഗാർത്ഥികളെ മനഃപൂർവ്വം ഒഴിവാക്കി തങ്ങൾക്ക് താല്പര്യമുള്ള ഇന്ത്യൻ ഉദ്യോഗാർത്ഥികളെ മാത്രം തിരഞ്ഞെടുക്കുന്നു. ഇന്റർവ്യൂവിന് മുൻപ് തന്നെ ചോദ്യങ്ങൾ ചോർത്തി നൽകുന്നതായും ഐടി സ്റ്റാഫിങ് കമ്പനികളിൽ നിന്ന് ഇതിനായി കൈക്കൂലി വാങ്ങുന്നതായും സന്ദേശങ്ങളിൽ ആരോപിക്കുന്നു.
കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്ന പ്രിയപ്പെട്ട ജീവനക്കാർക്ക് ഉയർന്ന പ്രൊഫൈലുള്ള പ്രോജക്ടുകളും കൂടുതൽ അംഗീകാരങ്ങളും നൽകുമ്പോൾ, അമേരിക്കൻ തൊഴിലാളികൾക്ക് കഠിനമായ സമയപരിധികൾ നൽകി മാനസികമായി ബുദ്ധിമുട്ടിക്കുന്നു എന്നും ആരോപിക്കുന്നു.
ഇതിനു പുറമെ, ടെക്സസിലെ ഡാളസ്, ഓസ്റ്റിൻ തുടങ്ങിയ നഗരങ്ങളിലെ ഇന്ത്യൻ റെസ്റ്റോറന്റുകളിലും ഗ്രോസറി സ്റ്റോറുകളിലും കമ്പനിയിലെ മാനേജർമാരും ജീവനക്കാരും ചേർന്ന് പങ്കാളിത്തത്തോടെ ബിസിനസ് നടത്തുന്നുവെന്നും, ജോലി സമയങ്ങളിൽ ഇവർ മാറിമാറി ഈ കടകളിൽ മേൽനോട്ടത്തിന് പോകുന്നതായും ഇത് ഇവർക്ക് മറ്റൊരു വരുമാനമാർഗ്ഗമാണെന്നും സ്ക്രീൻഷോട്ടുകളിൽ പറയുന്നു.
🚨 I RECEIVED THIS PRIVATE MESSAGE ON LINKEDIN FROM A VP AT A FORTUNE 500 COMPANY.
— Hany Girgis (@SanDiegoKnight) August 31, 2026
They asked me to remove their name and company, but gave me permission to share what they described.
They describe:
1. H-1B employees getting onto interview panels and rejecting qualified… pic.twitter.com/oMTEDYja4Z
വംശീയ അധിക്ഷേപവുമായി രാഷ്ട്രീയ നേതാക്കൾ
ഈ പോസ്റ്റ് വൈറലായതോടെ അമേരിക്കൻ ദേശീയവാദികൾ ഇന്ത്യക്കാർക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ആരംഭിച്ചിട്ടുണ്ട്. ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ നേതാവ് ചാൻഡലർ ലാംഗെവിൻ പരസ്യമായി ഇന്ത്യക്കാരെ അധിക്ഷേപിച്ച് രംഗത്തെത്തി. “എച്ച്-1ബി എന്നാൽ ഇന്ത്യക്കാർ എന്നാണ് അർത്ഥം. ജർമ്മനിയിൽ നിന്നോ ജപ്പാനിൽ നിന്നോ ഉള്ളവരായിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു. ഇന്ത്യൻ തട്ടിപ്പ് സംസ്കാരവും അവരുടെ ദേശീയതയും അമേരിക്കൻ ബിസിനസ് രീതികൾക്ക് യോജിച്ചതല്ല” എന്ന് ലാംഗെവിൻ എക്സിൽ കുറിച്ചു.
അതേസമയം, ഈ ആരോപണങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഒരു ഫോർച്യൂൺ 500 കമ്പനിയുടെ വൈസ് പ്രസിഡന്റിന് ഇത്രയും വലിയ ക്രമക്കേടുകൾ നടന്നിട്ടും കമ്പനിക്കുള്ളിൽ നടപടിയെടുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് പല സോഷ്യൽ മീഡിയ ഉപയോക്താക്കളും ചോദിക്കുന്നു.
എന്താണ് ഫോർച്യൂൺ 500 കമ്പനി
ഫോർച്യൂൺ 500 എന്നാൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുടെ ഒരു വാർഷിക പട്ടികയാണ്. അമേരിക്കയിൽ നിന്നുള്ള ‘ഫോർച്യൂൺ’ മാസികയാണ് എല്ലാ വർഷവും ഈ ലിസ്റ്റ് തയ്യാറാക്കുന്നത്. ലളിതമായി പറഞ്ഞാൽ, ഒരു വർഷം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന അമേരിക്കയിലെ ഏറ്റവും വലിയ ആദ്യത്തെ 500 കമ്പനികളാണ് ഇതിൽ ഉൾപ്പെടുന്നത്. കമ്പനികളുടെ ലാഭമല്ല, മറിച്ച് ഒരു സാമ്പത്തിക വർഷം അവർ നേടുന്ന മൊത്തം വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റാങ്കിങ് നിശ്ചയിക്കുന്നത്. വാൾമാർട്ട്, ആമസോൺ, ആപ്പിൾ, മൈക്രോസോഫ്റ്റ്, ആൽഫബെറ്റ്, തുടങ്ങിയ വമ്പൻ കമ്പനികളെല്ലാം ഫോർച്യൂൺ 500 പട്ടികയിലെ മുൻനിരക്കാരാണ്.
‘H-1B means Indians, their fraud culture does not fit in the US’; Debate heats up over allegations against Fortune 500 company













