യുഎസ് നാവികസേനാ കപ്പലുകൾക്ക് ഭീഷണിയാകാവുന്ന സൂപ്പർസോണിക് മിസൈൽ; ഇറാനെ റഷ്യ രഹസ്യമായി സഹായിക്കുന്നതായി റിപ്പോർട്ട്

മോസ്‌കോ: അമേരിക്കൻ നാവികസേനയുടെ കപ്പലുകൾക്ക് ഭീഷണിയാകാവുന്ന സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ വികസിപ്പിക്കാൻ ഇറാനെ റഷ്യ രഹസ്യമായി സഹായിക്കുന്നതായി റിപ്പോർട്ട്. ‘C430L’ എന്ന രഹസ്യ കോഡ് നാമത്തിലുള്ള പദ്ധതിയിലൂടെയാണ് റഷ്യയുടെ സഹായമെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

2023ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി, ശബ്ദത്തിന്റെ വേഗതയുടെ പലമടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻ മിസൈലുകളെ സഹായിക്കുന്ന റാംജെറ്റ് എൻജിൻ സാങ്കേതികവിദ്യ വികസിപ്പിക്കാൻ റഷ്യൻ വിദഗ്ധർ ഇറാനെ സഹായിച്ചതായാണ് വിവരം. കപ്പലുകളെയും കരയിലെ ലക്ഷ്യങ്ങളെയും ആക്രമിക്കാൻ ഉപയോഗിക്കാവുന്ന മിസൈലുകളാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് സൈനിക വിദഗ്ധരുടെ വിലയിരുത്തൽ.

ഇറാൻ റാംജെറ്റ് സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി നടത്തിയിട്ടുണ്ടെങ്കിലും, റഷ്യയുടെ സഹായത്തോടെ വികസിപ്പിച്ച സൂപ്പർസോണിക് മിസൈൽ നിലവിലെ യുദ്ധത്തിൽ ഉപയോഗിച്ചതിന് തെളിവില്ല. അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾക്ക് പുതിയ ഭീഷണിയാകാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അതിവേഗത്തിൽ സഞ്ചരിക്കുന്നതിനൊപ്പം താഴ്ന്ന ഉയരത്തിൽ പറക്കാൻ കഴിയുന്നതിനാൽ ഇത്തരം മിസൈലുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് കണ്ടെത്താനും പ്രതിരോധിക്കാനും കൂടുതൽ ബുദ്ധിമുട്ടാണ്. ചോർന്ന റഷ്യൻ കത്തിടപാടുകൾ, യാത്രാ രേഖകൾ, സൈനിക പേറ്റന്റുകൾ എന്നിവ പരിശോധിച്ചാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് തയ്യാറാക്കിയത്.

റഷ്യയിലെ പ്രമുഖ മിസൈൽ വിദഗ്ധർ പദ്ധതിയിൽ ഇറാനെ സഹായിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇറാൻ വർഷങ്ങളായി സ്വന്തമാക്കാൻ ശ്രമിച്ചിരുന്ന സുപ്രധാന സൈനിക സാങ്കേതികവിദ്യയാണ് റഷ്യ കൈമാറുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.റഷ്യയും ഇറാനും തമ്മിലുള്ള ശക്തമായിക്കൊണ്ടിരിക്കുന്ന സൈനിക സഹകരണത്തിന്റെ ഭാഗമായാണ് C430L പദ്ധതിയെ വിലയിരുത്തുന്നത്. യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിക്കുന്ന ഷഹീദ് ഡ്രോണുകൾ ഉൾപ്പെടെ ഇറാൻ റഷ്യയ്ക്ക് സൈനിക സഹായം നൽകിയിട്ടുണ്ട്.

അതേസമയം, അമേരിക്ക-ഇസ്രായേൽ സംഘർഷത്തിനിടെ റഷ്യ ഇറാന് സാറ്റലൈറ്റ് ചിത്രങ്ങൾ, ഡ്രോൺ സഹായം, ആയുധ ഘടകങ്ങൾ എന്നിവ നൽകിയതായും യുക്രെയ്ൻ ആരോപിച്ചിരുന്നു. റഷ്യയും ഇറാനും തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ആഴത്തിലാകുന്നതിന്റെ സൂചനയാണ് C430L പദ്ധതിയെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Russia secretly helping Iran develop supersonic cruise missiles that could threaten US Navy vessels: Report

More Stories from this section

family-dental
witywide