
കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് ഇരു ജില്ലകളിലും പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ല.
കോഴിക്കോട് ജില്ലയിൽ റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ എന്നിവയ്ക്കെല്ലാം നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
വയനാട് ജില്ലയിലും നഴ്‌സറി സ്കൂളുകൾ, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ജില്ലയിൽ റെഡ് അലര്‍ട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പുഴകളിലോ വെള്ളക്കെട്ടുകളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുതെന്ന് ഭരണകൂടം കർശന നിർദ്ദേശം നൽകി. അത്യാവശ്യമില്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.
Heavy Rain and Red Alert: Collectors Declare Holiday for Educational Institutions in Kozhikode and Wayanad













