
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. കൂടാതെ കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും നിലവിലുണ്ട്.
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.
മഴ കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മിന്നൽ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യതയേറെയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Heavy rain expected in Kerala: Red alert sounded for 3 districts, Orange alert in 5 districts












