ഉത്രാട പാച്ചിലിന് വെല്ലുവിളിയായി കനത്ത മഴ, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ; തിരുവോണ ദിവസം 4 ജില്ലകളിൽ മഴ മുന്നറിയിപ്പ്

ഉത്രാട പാച്ചിലിന് വെല്ലുവിളിയായി വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ മഴ മുന്നറിയിപ്പിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മാറ്റം വരുത്തി. മഴ കനക്കുന്ന സാഹചര്യത്തിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ലഭിക്കുന്ന അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണം ദിവസമായ നാളെയും മഴ ഭീഷണിയുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.കടലാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയ്ക്കാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളിൽ സാധ്യതയുള്ളത്.

ഉത്രാടപ്പാച്ചിൽ ദിനത്തിൽ സംസ്ഥാനത്ത് മഴ കനത്തതോടെ വിപണിയെയും ഓണക്കച്ചവടത്തെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Heavy Rain Warning in Kerala: Orange Alert Issued for Six Districts

More Stories from this section

family-dental
witywide